ബിഷപ്പിനെതിരായ കുറ്റം അന്വേഷണത്തില്‍ തെളിഞ്ഞു; അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എസ്പി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പിനെതിരായ കുറ്റം അന്വേഷണത്തില്‍ തെളിഞ്ഞു; അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എസ്പി

തിരുവനനന്തപുരം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം വൈദ്യപരിശോധന നടത്തും.

അറസ്റ്റിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ് ഇന്ന് തന്നെ ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.

കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്.

അറസ്റ്റിന് ശേഷം നാളെ രാവിലെ ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് അറിയാന്‍ ക‍ഴിയുന്നത്. 

ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്‌ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.

പല ചോദ്യങ്ങള്‍ക്കും മുമ്ബില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്ന് വിശകലനം ചെയ്തിരുന്നു.