തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്  ബാലകൃഷ്ണ പിള്ള അല്ല :  ഉമ്മന്‍ ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്  ബാലകൃഷ്ണ പിള്ള അല്ല :  ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് ആര്‍ ബാലകൃഷ്ണ പിള്ള അല്ലെന്ന് ഉമ്മന്‍ ചാണ്ടി.  ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് ആര്‍ ബാലകൃഷ്ണ പിള്ളയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കണ്ടെന്നും അത് തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരാണെന്നത് സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയത്. ഒരുപാട് പേര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അതില്‍ ഒരാള്‍ക്ക് വിധേയനായതില്‍ തനിക്ക് ദുഖമുണ്ടെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്. അതാരെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടില്ല. രണ്ടു കത്തുകള്‍ വന്ന സാഹചര്യവും നോക്കിയില്ല. എഴുതിയ ആളുടെ വിശ്വാസ്യതയും പരിശോധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കത്തിലെ പരാമര്‍ശങ്ങള്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എന്ന രൂപത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മുന്‍വിധിയോട് കൂടിയുള്ള ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ കേസ് സംബന്ധിച്ച് ഭയമില്ല. നിയമപരമായി കേസിനെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിയമസാധുത ഇല്ലാത്ത നടപടികളാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചതിനു പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. അതാരാണെന്നു മാധ്യമ പ്രവർത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


LATEST NEWS