​അവയവ ദാനം : അനേകായിരങ്ങളുടെ പുനര്‍ജന്മ സ്രോതസ്സ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​അവയവ ദാനം : അനേകായിരങ്ങളുടെ പുനര്‍ജന്മ സ്രോതസ്സ്‌

അവയവ ദാനവും കൈമാറ്റവും വര്‍ഷംതോറും അനേകായിരങ്ങള്‍ക്ക്‌ ജീവിതത്തിലേക്ക്‌ ഒരു തിരിച്ചുവരവിന്‌ അവസരം ഒരുക്കുന്നു. നമ്മുടെ രാജ്യത്ത്‌ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത്‌ അവയവ കച്ചവടവും വര്‍ദ്ധിക്കുന്നു. മനഷ്യാവയവങ്ങള്‍ക്കായുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു. അതേസമയം രാജ്യത്തെ വൈദ്യശാസ്‌ത്ര സാങ്കേതിക വിദ്യ അനുദിനമെന്നോണം വികസിക്കുന്നു. ഈ രണ്ട്‌ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ അവയവദാനം ചിലര്‍ക്ക്‌ പെട്ടെന്ന്‌ ഒരു വലിയ തുക കൈയില്‍ കിട്ടാനുള്ള അവസരവും മറ്റുള്ളവര്‍ക്ക്‌ ഒരാശ്വാസവും ആയി മാറുന്നു. വിവേചനമില്ലാത്ത അവയവ കച്ചവടം ദരിദ്രരെ ചൂഷണം ചെയ്യാനുള്ള അവസരമായി മാറുന്നു. അവരുടെ അത്യാവശ്യങ്ങള്‍ക്ക്‌ വേണ്ട തുക വാഗ്‌ദാനം ചെയ്‌ത്‌ പ്രലോഭിപ്പിച്ച്‌ ചൂഷണം ചെയ്യുന്നു. അവയവങ്ങളെ ഒരു വില്‍പ്പന ചരക്കാക്കി മാറ്റുന്നത്‌ ഒട്ടും ആശാസ്യമല്ല. സാമൂഹിക, ധാര്‍മ്മിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതിന്‌ തുല്യമാണത്‌. അവയവങ്ങളുടെ ലഭ്യത സുഗമമാക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്‌ ഒരു പരിഷ്‌കൃത സമൂഹത്തിന്‌ ചേരുന്നതല്ല.

  • ലോകാരോഗ്യ സംഘടന അവയവ വില്‍പന സംബന്ധിച്ച്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. പ്രലോഭിപ്പിച്ചും വഞ്ചിച്ചും അവയവ വില്‍പന നടത്തുന്നത്‌ മനുഷ്യാവകാശ ലംഘനമാണ്‌. മനുഷ്യ ശരീരമോ അതിന്റെ ഭാഗങ്ങളോ കച്ചവടം ചെയ്യാന്‍ പാടില്ല. ഇതനുസരിച്ച്‌ അവയവ ദാനത്തിന്‌ പ്രതിഫലം നല്‍കുന്നതും വാങ്ങുന്നതും നിരോധിക്കപ്പെടണം.

ഓരോ വര്‍ഷവും നൂറുകണക്കിന്‌ ഇന്ത്യക്കാരാണ്‌ അവയവ മാറ്റത്തിനായുള്ള കാത്തിരിപ്പിനിടയില്‍ മരണമടയുന്നത്‌. കാരണം അവയവദാനത്തിന്റെ കുറവും അവയവം കൈമാറിക്കിട്ടേണ്ട രോഗികളുടെ എണ്ണകൂടുതലുമാണ്‌. വര്‍ഷംതോറും 2.1 ലക്ഷം ഇന്ത്യക്കാരാണ്‌ വൃക്ക മാറ്റത്തിനായി കാത്തിരിക്കുന്നത്‌ പക്ഷേ 3000-4000 വൃക്ക മാറ്റ ശസ്‌ത്രക്രിയകളേ നടത്താനാവുന്നുള്ളൂ. ഹൃദയമാറ്റ ശസ്‌ത്രക്രിയുടെ കാര്യവും വ്യത്യസ്‌തമല്ല. 4000-5000 രോഗികള്‍ക്കാണ്‌ വര്‍ഷംതോറും ഇന്ത്യയില്‍ ഹൃദയമാറ്റ ശസ്‌ത്രക്രിയ വേണ്ടത്‌.

എന്നാല്‍ രാജ്യമൊട്ടാകെ വെറും 100 ഹൃദയമാറ്റ ശസ്‌ത്രക്രിയകളാണ്‌ നടക്കുന്നത്‌. അന്ധതാ നിയന്ത്രണ ദേശീയ പരിപാടിയുടെ 2012-13-ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 80,000 - 1,00,000 നേത്രപടലം ഒരുവര്‍ഷം വേണ്ടിവരുന്നിടത്ത്‌ 4,417 നേത്രപടലം മാത്രമാണ്‌ ലഭ്യമായിരുന്നത്‌. വര്‍ഷംതോറും 3500-4000 വൃക്കമാറ്റ ശസ്‌ത്രക്രിയകള്‍ നടക്കുന്ന ഇന്ത്യയില്‍ 120 ട്രാന്‍സ്‌പ്ലാന്റിങ്‌ സെന്ററുകളാണ്‌ ഉള്ളത്‌. ഇവയില്‍ നാലിടത്ത്‌ വര്‍ഷം 150-200 കരള്‍മാറ്റ ശസ്‌ത്രക്രിയ നടക്കുന്നു. ചിലവ വല്ലപ്പോഴുമൊരുക്കല്‍ ഒരു ഹൃദയമാറ്റ ശസ്‌ത്രക്രിയയും നടത്തും.

  • നമ്മുടെ രാജ്യത്തെ പ്രധാന പ്രശ്‌നം അവയവദാനത്തിന്‌ സന്നദ്ധതയുള്ള ഒരു ദാതാവിനെ കണ്ടെത്തുന്നതാണ്‌. ബോധവല്‍ക്കരണത്തിന്റെ കുറവും ശരിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണം. ഭരണപരമായ കടമ്പകളും യാഥാസ്ഥിതിക മനോഭാവവും അവസ്ഥ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നു. അവയവ ദാനം സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മാറ്റാന്‍ ശ്രമമുണ്ടാവണം. ഭൂരിഭാഗം ഇന്ത്യക്കാരും വിശ്വസിക്കുന്നത്‌ അവയവ കൈമാറ്റം മതവിശ്വാസങ്ങള്‍ക്കും പ്രകൃതി നിയമങ്ങള്‍ക്കും എതിരാണെന്നാണ്‌.

ചിലരുടെ സംശയം അവര്‍ക്ക്‌ ആവശ്യമുള്ള അവയവം ലഭിക്കാന്‍ ആശുപത്രി അധികൃതര്‍ വേണ്ടത്ര ശ്രമിക്കുന്നില്ല എന്നാണ്‌. മറ്റൊരു കൂട്ടരുടെ വിശ്വാസം അവര്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നതിന്‌ മുമ്പ്‌ മരിച്ചതായി പ്രചരിക്കപ്പെടുമെന്നാണ്‌. അവയവ ദാനത്തിന്‌ ഒരു കേന്ദ്രീകൃത രജിസ്‌ട്രേഷന്‍ പദ്ധതി ഇല്ലാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. മറ്റൊരു പ്രശ്‌നം മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്‌ സംബന്ധിച്ചുള്ളതാണ്‌. മസ്‌തിഷ്‌ക്ക മരണം രോഗിയുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തുക ശ്രമകരണമാണ്‌.

  • 1970-കളിലാണ്‌ ഇന്ത്യയില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ആരംഭിച്ചത്‌.ഇക്കാര്യത്തില്‍ അന്നുമുതല്‍ ഇന്നുവരെ ഏഷ്യാഭൂഖണ്ഡത്തില്‍ മുമ്പിലാണ്‌ ഇന്ത്യ. എന്നാല്‍ അവയവ മാറ്റത്തിന്റെ കഴിഞ്ഞ 4 ദശകങ്ങള്‍ സാക്ഷ്യം വഹിച്ചത്‌ വമ്പിച്ച വാണിജ്യവല്‍ക്കരണത്തിനായിരുന്നു. 1994-ലാണ്‌ ഗവണ്‍മെന്റ്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഓഫ്‌ ഹ്യൂമന്‍ ഓര്‍ഗന്‍സ്‌ ആക്‌ട്‌ (മനുഷ്യാവയവ കൈമാറ്റ നിയമം) നടപ്പിലാക്കിയത്‌.

ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള അവയവ കൈമാറ്റം നിയമവിരുദ്ധമാക്കിയതും മസ്‌തിഷ്‌ക മരണം സംഭവിച്ച ആളിന്റെ അവയവ സ്വീകരണം നിയമവിധേയമാക്കിയതും ഈ നിയമത്തിലൂടെയാണ്‌. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ഉപയോഗപ്പെടുത്താം എന്നാണ്‌ പ്രതീക്ഷ. പക്ഷേ ഈ നിയമം നിലവിലുണ്ടെങ്കിലും അവയവ കച്ചവടത്തിന്‌ കുറവില്ല.

അവയവ ലഭ്യത കൂടുന്നതുമില്ല. മസ്‌തിഷ്‌ക മരണത്തെക്കുറിച്ചോ അതിന്റെ അവയവ മാറ്റ സാധ്യതകളെക്കുറിച്ചോ കൂടുതല്‍ പ്രസിദ്ധി കൊടുക്കാനോ, പ്രോത്സാഹിപ്പിക്കാനോ പാടില്ല. ബന്ധുക്കള്‍ തമ്മിലുള്ളവയല്ലാത്ത അവയവമാറ്റങ്ങളെല്ലാം നിലവില്‍ ഇതിനായുള്ള ഒരു ഓതറൈസേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ചെയ്യാവൂ.2011-ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പാസ്സാക്കിയ മനുഷ്യാവകാശ നിയമത്തിലെ കൂട്ടിച്ചേര്‍ക്കലുകള്‍ അവയവമാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ കുറേകൂടി ലഘൂകരിച്ചിട്ടുണ്ട്‌.

  • അപകടത്തില്‍പെട്ട്‌ മസ്‌തിഷ്‌ക്ക മരണം സംഭവിച്ച ആളുകളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു റിട്രീവല്‍ സെന്റര്‍ ഈ നിയമം വഴി സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവരങ്ങളുടെ നിജസ്ഥിതി രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്‌ടീഷണര്‍ അന്വേഷിക്കണം. ട്രാന്‍സ്‌പ്ലാന്റ്‌ കോ-ഓര്‍ഡിനേറ്ററുമായി സഹകരിച്ച്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന രോഗിയുടെ ബന്ധിക്കളുമായി ചര്‍ച്ച ചെയ്യണം.
  • അവയവ ദാനത്തിന്‌ രോഗിയുടെ ബന്ധുക്കള്‍ക്ക്‌ സമ്മതമാണെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനായി അക്കാര്യം ഇടനടി റിട്രീവല്‍ സെന്ററില്‍ അറിയിക്കണം. ഇന്ത്യയുടെ കാര്യത്തില്‍ റോഡപകടങ്ങളില്‍പെട്ട്‌ മരണാസന്നനാവുന്നരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഇത്തരത്തില്‍ അവയവം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഈ ശേഷി ഇനിയും നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം 8 മുതല്‍ 10 വരെ മസ്‌തിഷ്‌ക്ക മരണങ്ങള്‍ വിവിധ ഐ.സി.യു-കളിലായി സംഭവിക്കുന്നുണ്ട്‌.
  • ആശുപത്രിയിലെ മരണങ്ങളില്‍ 4 മുതല്‍ 6 ശതമാനം വരെ മസ്‌തിഷ്‌ക്ക മരണങ്ങളാണ്‌. ഇന്ത്യയില്‍ വര്‍ഷംതോറും 1,40,000 മരണങ്ങള്‍ റോഡപകടങ്ങള്‍ മൂലം ഉണ്ടാവുന്നുണ്ട്‌. ഇതില്‍ 65 ശതമാനം തലയ്‌ക്കേറ്റ ഗുരുതര പരുക്ക്‌ മൂലമാണ്‌. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിന്റെ അര്‍ത്ഥം പരിക്കേറ്റവരില്‍ 90,000 പേര്‍ മരണമടയുന്നത്‌ മസ്‌തിഷ്‌ക്കാഘാതം മൂലമാണ്‌.ആളുകള്‍ക്ക്‌ അവയവം ദാനം ചെയ്യാന്‍ മനസ്സില്ലാത്തതല്ല അവയവ ക്ഷാമത്തിന്‌ കാരണം, ആശുപത്രികളില്‍ മസ്‌തിഷ്‌ക്ക മരണം കൃത്യ സമയത്ത്‌ തിരിച്ചറിഞ്ഞ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള സംവിധാനമില്ലാത്തതാണ്‌.

ഇതുകൂടാതെ മസ്‌തിഷ്‌ക്ക മരണം സംഭവിച്ച ആളുകളുടെ ബന്ധുക്കള്‍ക്ക്‌ അവയവദാനം വഴി നിരവധി ജീവനുകള്‍ രക്ഷിയ്‌ക്കാന്‍ സാധിക്കുമെന്ന കാര്യം പറഞ്ഞു മനസ്സിലാക്കി അവയവ ദാനത്തിന്‌ സന്നദ്ധരാക്കാനും സംവിധാനങ്ങളില്ല. ഒരു കുട്ടിക്കു മുതല്‍ പ്രായമായ ആള്‍ക്കുവരെ അവയവ ദാതാവാകാം. മസ്‌തിഷ്‌ക്ക മരണത്തെത്തുടര്‍ന്നുള്ള അവയവദാന നിരക്ക്‌ ഇന്ത്യയില്‍ ഇന്നും വളരെ താഴെയാണ്‌. അതേസമയം സ്‌പെയിനില്‍ ഒരുദശലക്ഷത്തിന്‌ 35 അവയവ ദാതാക്കളുണ്ട്‌. ബ്രിട്ടനില്‍ ഇത്‌ ദശലക്ഷത്തിന്‌ 27-ഉം, അമേരിക്കയില്‍ 26-ഉം, ഓസ്‌ത്രേലിയയില്‍ 11-ഉം ആണ്‌. ഇന്ത്യയിലാവട്ടെ ദശലക്ഷത്തിന്‌ 0.16 ആണ്‌ അവയവ ദാതാക്കളുടെ എണ്ണം.

  • ഡോണര്‍ കാര്‍ഡ്‌ നിയമപരമായ ഒരു രേഖയല്ല. ഇത്‌ അവയവദാനത്തിന്‌ ഒരു വ്യക്തിയുടെ സന്നദ്ധത വെളിപ്പെടുത്തുന്ന ഒരു രേഖയാണ്‌. സ്വന്തം മരണത്തിനു ശേഷം അവയവദാനം നടത്താനുള്ള സന്നദ്ധതയായതിനാല്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിവരം അറിയിച്ചിരിക്കണം. അവര്‍കൂടി സമ്മതം നല്‍കിയാല്‍ ആ തീരുമാനം പൂര്‍ണ്ണമായി. ഹൃദയം , കരള്‍, ശ്വാസകോശം, കിഡ്‌നി, പാന്‍ക്രിയാസ്‌, കുടലുകള്‍, നേത്രപടലം പോലുള്ള ശരീര കലകള്‍, ഹൃദയ വാള്‍വുകള്‍, ത്വക്ക്‌, എല്ലുകള്‍, ലിഗമെന്റ്‌സ്‌, ടെന്‍ഡന്‍സ്‌, ഞരമ്പുകള്‍ തുടങ്ങിയവയെല്ലാം മസ്‌തിഷ്‌ക മരണം സംഭവിച്ചാല്‍ ദാനം ചെയ്യാവുന്നതാണ്‌.

വരാന്‍ പോകുന്ന മനുഷ്യാവയവ കലകളുടെ മാറ്റിവയ്‌ക്കല്‍ സംബന്ധിച്ച 2013-ലെ നിയമം അവയവദാനം നൂലാമാലകളില്‍ കുടുങ്ങാതെ ഒഴിവാക്കാനുള്ള വ്യവസ്ഥകളും അവയവദാനം സംബന്ധിച്ച നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത്‌ തടുക്കാനുള്ള വ്യവസ്ഥകളുമുണ്ട്‌. അവയില്‍ ചിലത്‌ താഴെ കൊടുക്കുന്നു.

  • അവയവ ദാനത്തിനു സന്നദ്ധതയുള്ളവര്‍ ചെയ്യേണ്ട ആദ്യത്തെ നടപടി ഒരു ഡോണര്‍ കാര്‍ഡ്‌ ഒപ്പിടുക എന്നതാണ്‌. ദാതാവിന്‌ രോഗിയുമായി ബന്ധമില്ലാതിരിക്കുകയും; ദാതാവും സ്വീകര്‍ത്താവും ഒരേ സംസ്ഥാനത്തുള്ളവരും അവയവമാറ്റ ശസ്‌ത്രക്രിയ നടക്കുന്നത്‌ മറ്റൊരു സംസ്ഥാനത്തോ/കേന്ദ്രഭരണ പ്രദേശത്തോ ആണെങ്കില്‍ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയിരിക്കണം. ഇത്‌ ദാതാവിന്റെ/സ്വീകര്‍ത്താവിന്റെ സ്വദേശത്തു നിന്നാണ്‌ വാങ്ങേണ്ടത്‌.

ഓതറൈസേഷന്‍ കമ്മിറ്റിയുടെ മിനിമം കോറം 4 ആണ്‌. ചെയര്‍മാന്‍, ഹെല്‍ത്ത്‌ സെക്രട്ടറി/നോമിനി, ഹെല്‍ത്ത്‌ സര്‍വ്വീസ്‌ ഡയറക്‌ടര്‍/നോമിനി എന്നിവര്‍ പങ്കെടുത്താല്‍ മാത്രമേ കോറം പൂര്‍ത്തിയാവുകയുള്ളൂ.

  • ഓരോ അംഗീകൃത ട്രാന്‍സ്‌പ്ലാന്റേഷന്‍ സെന്ററിനും സ്വന്തമായി വെബ്‌സൈറ്റുണ്ടായിരിക്കണം. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സംബന്ധിച്ച കാര്യങ്ങളില്‍ 24 മണിക്കൂറിനകം തീരുമാനമെടുത്തിരിക്കണം. ട്രാന്‍സ്‌പ്ലാന്റേഷന്‍ സെന്ററുകളുടെ വെബ്‌സൈറ്റ്‌ സ്റ്റേറ്റ്‌/റീജണല്‍/നാഷണല്‍ നെറ്റ്‌വര്‍ക്കുകളുമായി ഓണ്‍ലൈന്‍ സിസ്റ്റം വഴി ബന്ധിപ്പിച്ചിരിക്കണം. അവയവ സംഭരണം, പങ്കിടല്‍, ശസ്‌ത്രക്രിയ തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിനാണിത്‌.സെന്ററുകളില്‍ നാഷണല്‍ നെറ്റ്‌വര്‍ക്കിംഗ്‌ ഓര്‍ഗനൈസേഷന്‍ (ഒരു അപ്പെക്‌സ്‌) ഉണ്ടായിരിക്കണം. കൂടുതലായി ട്രാന്‍സ്‌പ്ലാന്റേഷനുകള്‍ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ റീജണല്‍/സ്റ്റേറ്റ്‌ ലെവല്‍ നെറ്റ്‌വര്‍ക്കുമായി ബന്ധമുണ്ടാവണം. സ്റ്റേറ്റ്‌ യൂണിറ്റുകള്‍ ആശുപത്രികളുമായും അവയവം/കലകള്‍ മാച്ചിംഗ്‌ ലാബുകളുമായും, ടിഷ്യൂബാങ്കുകളുമായും റീജണല്‍, നാഷണല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഓര്‍ഗനൈസേഷനുകളുമായും ബന്ധപ്പെട്ടിരിക്കണം. ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ അവയവ സംഭരണം, സൂക്ഷിപ്പ്‌, ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കല്‍, മാച്ചിംഗ്‌, അലോക്കേഷന്‍, ട്രാന്‍സ്‌പ്ലാന്റേഷന്‍ എന്നിവ ത്വരിതപ്പെടുത്തുകയും ഇതുസംബന്ധിച്ച വ്യവസ്ഥകളും മറ്റും രൂപീകരിക്കുന്നതിന്‌ സഹായകമാവുകയും ചെയ്യുന്നുണ്ട്‌.
  • ദേശീയ, പ്രാദേശിക, സംസ്ഥാന തലങ്ങളിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ രൂപപ്പെടുത്തിയ ഒരു നാഷണല്‍ രജിസ്‌ട്രി നിലവില്‍ വരും. മനുഷ്യാവയവങ്ങള്‍ /കലകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഒരു ഓണ്‍ലൈന്‍ സംവിധാനമാണിത്‌. ദേശീയ/പ്രാദേശിക രജിസ്‌ട്രികള്‍ സമാന സ്വഭാവമുള്ള സംസ്ഥാനതല രജിസ്‌ട്രികളുടെ അടിസ്ഥാനത്തിലായിരിക്കും രൂപീകരിക്കുന്നത്‌.ഇതോടനുബന്ധിച്ച്‌ നാഷണല്‍ ഓര്‍ഗന്‍ ആന്റ്‌ ടിഷ്യൂ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ (എന്‍.ഒ.റ്റി.റ്റി.ഒ-നാട്ടോ) ഓണ്‍ലൈന്‍ സര്‍വ്വീസ്‌ ആളുകളെ നേരിട്ട്‌ അവയവ ദാതാക്കളുമായി ബന്ധിപ്പിക്കും. എന്‍.ഒ.റ്റി.റ്റി.ഒ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്‌. രാജ്യത്തെ അവയവമാറ്റങ്ങളെല്ലാം ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയാണിത്‌. രാജ്യത്തെ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാ ആശുപത്രികളും ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായിരിക്കും.നോട്ടോയെ കൂടാതെ മറ്റ്‌ നാല്‌ പ്രാദേശിക സെന്ററുകള്‍ കൂടി രാജ്യത്ത്‌ വിവിധയിടങ്ങളിലായി സ്ഥാപിക്കും.

റീജനറേറ്റീവ്‌ മെഡിസിന്‍ എന്നറിയപ്പെടുന്ന വളര്‍ന്നുവരുന്ന പുതിയ വൈദ്യശാസ്‌ത്ര ശാഖ രോഗിയുടെ സ്വന്തം കോശങ്ങളില്‍ നിന്ന്‌ അവയവങ്ങള്‍ സൃഷ്‌ടിച്ചെടുക്കാനോ വളര്‍ത്തിയെടുക്കാനോ ശ്രമിക്കുന്നു. അവയവങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട സാമൂഹ്യ ധാര്‍മ്മിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ ശാസ്‌ത്രശാഖയുടെ വളര്‍ച്ച ഇടയാക്കും.

 


LATEST NEWS