കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിന് മർദ്ദനം; ഗണേഷ്​ കുമാറിനെതിരെ കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിന് മർദ്ദനം; ഗണേഷ്​ കുമാറിനെതിരെ കേസ്

കാറിന് കടന്നു പോകാൻ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മർദിച്ചെന്ന യുവാവി​​ന്റെ പരാതിയിൽ പൊലീസ്​ കേസെടുത്തു. അഞ്ചൽ പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​. അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദിച്ചെന്നാണു പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ ഗണേശ്കുമാര്‍ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.

അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ്​ ആരോപണം. പിന്നാലെ ഡ്രൈവറും മര്‍ദിച്ചു. അതേസമയം, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ പറഞ്ഞിരുന്നു.

കൂടെയുണ്ടായിരുന്ന അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടെങ്കില്‍ കേസ്‌കൊടുക്കാന്‍ വെല്ലുവിളിച്ചുവെന്നും ഷീന പറയുന്നു. മര്‍ദനമേറ്റ അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 


LATEST NEWS