കേരള കോൺഗ്രസ് എമ്മിൽ താനുണ്ടാകും;സി.എഫ്. തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള കോൺഗ്രസ് എമ്മിൽ താനുണ്ടാകും;സി.എഫ്. തോമസ്

ചങ്ങനാശേരി: തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ താനുണ്ടാകുമെന്ന് മുതിർന്ന നേതാവ് സി.എഫ്. തോമസ്. ഇന്നലെ കേരള കോൺഗ്രസ് എമ്മിലായിരുന്നു. ഇന്നും അങ്ങനെത്തന്നെ. നാളെയും അതു തുടരും–പാർട്ടി ഡപ്യൂട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. പാർട്ടി പിളർപ്പിലേക്കു പോകുന്ന ഘട്ടത്തിൽ സി.എഫ്. തോമസ് ആർക്കൊപ്പമായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തയുണ്ടായിരുന്നില്ല.

‘കേരള കോൺഗ്രസ് (എം) എന്ന പേരിടാൻ ആദ്യമായി ചേര്‍ന്ന അഞ്ചു പേരുടെ യോഗത്തിൽ ഞാനുണ്ടായിരുന്നു. ആ കേരള കോൺഗ്രസിൽ തന്നെ നാളെയും തുടരും. ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. പി.ജെ.ജോസഫുമായി സംസാരിച്ചിരുന്നു. ജോസ് കെ.മാണിയുമായും കൂടിക്കാഴ്ച ന‍ടത്തി. ഇന്നത്തെ സംഭവവികാസങ്ങൾ (ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ്) കുറച്ചു പ്രയാസമുണ്ടാക്കി. മധ്യസ്ഥശ്രമങ്ങൾക്കും അതു പ്രയാസമുണ്ടാക്കും. എങ്കിലും ഒത്തുതീർപ്പു ശ്രമങ്ങളുമായി മുന്നോട്ടു പോകും. ഇരുവിഭാഗവുമായുള്ള ആശയവിനിമയവും തുടരും. കേരള കോൺഗ്രസ് (എം) എംഎൽഎയായി നിയമസഭയിൽ തിങ്കളാഴ്ച പങ്കെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിനൊപ്പമായിരിക്കും ഞാൻ’ –സിഎഫ് വ്യക്തമാക്കി.

വെള്ളിയാഴ്ച പി.ജെ. ജോസഫ് തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ തോമസിനെ പങ്കെടുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വന്നില്ല. ശനിയാഴ്ച കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേ‍ർന്ന ജോസ്.കെ. മാണി വിഭാഗത്തിന്റെ യോഗത്തിലും ഞായറാഴ്ച നടന്ന സമാന്തര യോഗത്തിലും സിഎഫ് പങ്കെടുത്തില്ല. സിഎഫിന്റെ പിന്തുണ ജോസഫ് വിഭാഗം അവകാശപ്പെടുന്നുണ്ട്.


LATEST NEWS