സോളാര്‍ ; ആരും വെപ്രാളപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍ ; ആരും വെപ്രാളപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടി ല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇതാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിയമപരമായ നടപടികളില്‍ സ്വീകരിക്കുമ്പോള്‍ ആരും അതില്‍ വെപ്രാളം കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജനജാഗ്രതായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഘടന തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഫെഡറല്‍ തത്വം അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഇവര്‍ക്ക് വിശ്വാസമില്ല. തങ്ങള്‍ക്കിഷ്ടമല്ലാത്ത ഒന്നിനെയും വെച്ചുപുലര്‍ത്താന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് സംഘപരിവാറിന്റെ വാദം. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊലപാതകികള്‍ക്ക് സംരക്ഷണവും ആദരവും നല്‍കുകയാണ്. മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതികള്‍ക്ക് ജോലി നല്‍കി ബഹുമാനിക്കുകയാണ്. മതജാതി ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു. മുസഌംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും പൊതു ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. 

ഇതേ അസഹിഷ്ണുതയുടെ ഭാഗമായിട്ടായിരുന്നു മഹാത്മാഗാന്ധി കൊല്ലപ്പെട്ടതും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ത്രിപുരയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തനു വരെ എത്തി നില്‍ക്കുന്നു അസഹിഷ്ണുതയുടെ ഇരകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജനജാഗ്രതാ യാത്ര നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായുള്ള യാത്ര മഞ്ചേശ്വരത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും കാനം നയിക്കുന്ന യാത്ര തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു.