ഗൊരഖ്പൂരിലെ കുട്ടികളുടെ മരണം: രാജ്യം കണ്ട ഏറ്റവും ക്രൂരമായ ദുരന്തമെന്ന് എ കെ ആന്റണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൊരഖ്പൂരിലെ കുട്ടികളുടെ മരണം: രാജ്യം കണ്ട ഏറ്റവും ക്രൂരമായ ദുരന്തമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവം രാജ്യം കണ്ട ഏറ്റവും ക്രൂരമായ ദുരന്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും എ കെ ആന്റണി പ്രതികരിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജനങ്ങളോട് മാപ്പ് പറയണമെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഏറ്റവും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ നടപടികള്‍ കൈകൊള്ളുന്നതിലൂടെ മാത്രമേ ഇത്തരത്തിലുളള കൂട്ടക്കുരുതികള്‍ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കൂവെന്നും എ കെ ആന്റണി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

ഉത്തര്‍പ്രദേശില്‍ ഇന്ന് രാവിലെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 70 ആയി. സംഭവത്തെപറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഈവിഷയം രാഷ്ട്രീയ ആയുധമാക്കി സംഭവത്തെ ദേശീയ പ്രക്ഷോഭമാക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ്..

കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് യുപി ഇത്രയും വലിയ ദുരന്തത്തിന് സാക്ഷിയായത്. കഴിഞ്ഞ 5 ദിവസം കൊണ്ട് 63 കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.