ചിമ്മിനി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടിതുറന്നു; പുഴകള്‍ നിറഞ്ഞൊഴുകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിമ്മിനി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടിതുറന്നു; പുഴകള്‍ നിറഞ്ഞൊഴുകുന്നു

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ജില്ലയിലെ എല്ലാ ഡാമുകളും ഷട്ടര്‍ തുറന്ന അവസ്ഥയായി. വെള്ളിയാഴ്ച ഉച്ചക്ക് 2.10നാണ് ചിമ്മിനിയുടെ നാലു ഷട്ടറുകളും രണ്ടിഞ്ചു വീതം തുറന്നത്. 76.4 മീറ്റര്‍ ജലസംഭരണ ശേഷിയുള്ള ചിമ്മിനി ഡാമില്‍ ജലനരിപ്പ് 76 മീറ്ററായപ്പോഴാണ് ഷട്ടറുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ത്തിയത്. 

പീച്ചി ഡാമിന്റെയും വാഴാനി ഡാമിന്റെയും ഷട്ടറുകള്‍ നേരത്തേ തിറന്നിരുന്നു. 27ന് രണ്ടിഞ്ചു വീതം നാലു ഷട്ടറുകളും തുറന്ന പീച്ചിഡാമില്‍ ഇപ്പോള്‍ അഞ്ചിഞ്ച് വീതമാണ് വെള്ളം തുറന്നു വിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 15,17,20 ഇഞ്ച് വരെ തുറന്നിരുന്നു. 79.25 മീറ്ററാണ് പീച്ചിയിലെ പരമാവധി ജലസംഭരണം. ഇപ്പോള്‍ 78 മീറ്ററലിധികം വെള്ളമുണ്ട്. ഒരാഴ്ചയായി ഷട്ടറുകള്‍ തുറന്നിരിക്കുന്ന വാഴാനി ഡാമിന്റെ അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്.നേരത്തേ 17 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. 62. 40 മീറ്റര്‍ സംഭരണ ശേഷിയുള്ള വാഴാനി ഡാമില്‍ ഇപ്പോള്‍ 62 മീറ്ററാണ് ജലനിരപ്പ്. 

ജില്ലയില്‍ മൈനര്‍ ഇറിഗേഷനു കീഴിലുള്ള ചെറിയ ജലസംഭരണികളായ പൂമല, പത്താ.ഴക്കുണ്ട്, അസുരന്‍കുണ്ട് ഡാമുകളെല്ലാം ഈ സീസണില്‍ വളരെ നേരത്തേ നിറഞ്ഞതായി അധികൃതര്‍ പറഞ്ഞു. കെഎസ്‌ഇബിക്കു കീഴിലുള്ള ജില്ലയിലെ പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ വന്‍ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. 

രണ്ടാഴ്ചയിലേറെയായി തുറന്നിരിക്കുന്ന പെരിങ്ങല്‍കുത്ത് ഡാമില്‍ വെള്ളിയാഴ്ച രണ്ടു ഷട്ടറുകളിലും രണ്ടു സ്ലൂയീസുകളിലുമായി 44 അടി വെള്ളമാണ് തുറന്നു വീട്ടത്. തമിഴ്നാടിന്റെ അധീനതിയിലുള്ള അപ്പര്‍ ഷോളയാറിന്റെയും ഷട്ടറുകള്‍ തുറന്നിരിക്കയാണ്. ഈ ഡാമുകളിലെ വെള്ളം ഒന്നിച്ചു വരുന്നതിനാലാണ് ചാലക്കുടി പുഴ കരകവിയുന്നത്. പീച്ചി ഡാമിലെ ഷട്ടര്‍ തുറന്നത് മണലിപ്പുഴ, കുറുമാലി വഴി കരുവന്നൂര്‍ പുഴയിലെത്തുമ്ബോള്‍ ചിമ്മിനിയില്‍ നിന്നുള്ള വെള്ളം കുറുമാലി വഴി കരുവന്നൂര്‍ പഴയിലെത്തുന്നു. ഇതേ തുടര്‍ന്ന് കരുവന്നൂര്‍ പുഴയിലും ജലനിരപ്പ് വന്‍ തോതില്‍ ഉയര്‍ന്നു. ഭാരത പുഴയും അപകടമാം വിധമാണ‌് നിറഞ്ഞൊഴുകുന്നത‌്.