ബുദ്ധിമുട്ട് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാര്‍ക്ക്: അമിത് ഷായുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബുദ്ധിമുട്ട് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാര്‍ക്ക്: അമിത് ഷായുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താത്പ്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ദുരുദ്ദേശപൂര്‍വ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്. 

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. 

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം. തീര്‍ത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത് ഷായുടെ ട്വീറ്റ് തീര്‍ത്തും അപ്രസക്തവും അസംഗതവും ആകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ വൈകാരിക പ്രശ്നം തെറ്റായരീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഭക്ഷണം, വെള്ളം, വിരിവെയ്ക്കാനുള്ള സ്ഥലം, ശുചിമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച പറ്റി. പന്നിക്കൂട്ടങ്ങള്‍ക്കൊപ്പവും മാലിന്യത്തിനു നടുവിലും കഴിയേണ്ട അവസ്ഥയാണ് തീര്‍ഥാടകര്‍ക്ക്. പൊലീസ് മനുഷ്യത്വരഹിതമായാണ് ഇടപെടുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിഷേധത്തെ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ അറസ്റ്റുകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.