തന്നെ ചവിട്ടി കടലിലിടാന്‍ ഈ കാല് മതിയാകില്ല; വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കി കടലില്‍ തള്ളി ആശ്വസിക്കൂ; എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെ ചവിട്ടി കടലിലിടാന്‍ ഈ കാല് മതിയാകില്ല; വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കി കടലില്‍ തള്ളി ആശ്വസിക്കൂ; എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി

മലപ്പുറം: തന്നെ ചവിട്ടി അറബിക്കടലിലെറിയുമെന്ന് പറഞ്ഞ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്‌ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ചവിട്ടി കടലിലിടുമെന്ന് പറഞ്ഞവരുടെ കാലിനത്ര ശക്തി പോരാ. ഇപ്പോഴുള്ള ശക്തിയുമായി വന്നാല്‍ ശരിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നടന്ന എല്‍ഡിഎഫ് യോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

'തന്നെ ചവിട്ടി കടലിലിടാന്‍ എ.എന്‍ രാധാകൃഷ്ണന് കാല് മതിയാവില്ല. ഒരു ഭീഷണിയും ഇവിടെ വിലപ്പോവില്ല. രാധാകൃഷ്‌ണന്‍ മനസിലാക്കേണ്ടത് ആ മോഹം പലര്‍ക്കുമുണ്ടായിരുന്നു. ഈ ശരീരം ചവിട്ടു കൊള്ളാത്തതല്ല, ബൂട്ട്‌സിട്ട കാലുകൊണ്ടുള്ള ധാരാളം ചവിട്ടുകൊണ്ട ശരീരമാണ്. എന്നുവെച്ച്‌ രാധാകൃഷ്‌ണന് കേറിക്കളിക്കാനുള്ള ശരീരമാണെന്ന് കണക്കാക്കണ്ട. 

അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍ വെച്ചാല്‍ മതി. അല്ലെങ്കില്‍ എന്റെയൊരു വൈക്കോല്‍ പ്രതിമ കെട്ടി കടപ്പുറത്ത് ചെന്ന് ചവിട്ടുകൊടുക്കുക. ഇതാ വിജയന്‍ കടലില്‍ എന്ന് പറഞ്ഞ് ആശ്വാസം കൊള്ളണമെങ്കില്‍ ആശ്വാസം കൊണ്ടോളൂ. 

അതിനപ്പുറമൊന്നും ഈ പറയുന്നവരുടെ ഒരു ഭീഷണിയും ഞാന്‍ വകവെച്ചിട്ടില്ല എന്ന് മനസിലാക്കാനുള്ള അറിവ് എങ്കിലും വേണ്ടിയിരുന്നില്ലേ രാധാകൃഷണാ. ഇപ്പോള്‍ ചുറ്റും പൊലീസുകാരൊക്കെയുണ്ടാകും പക്ഷേ പൊലീസുകാരോട് കൂടിയല്ല എന്റെ ജീവിതം ആരംഭിച്ചത്. നിങ്ങളുമായി പരിചയപ്പെടുന്നതും പൊലീസുകാരുടെ ചുറ്റും നിന്നിട്ടല്ലല്ലോ.

ഇതൊക്കെ ചില സന്ദേശങ്ങളായിട്ടാണ് കാണുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലും ആക്രമിക്കും എന്ന് പറയുകയാണ്. പിന്നെയാരെയാണ് ആക്രമിക്കാനാവാത്തത്. നിങ്ങള്‍ ഒരു വില്ലാളിവീരന്മാും അല്ല. ഇത് കേരളമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ് അത്ര ദൃഢമാണ്. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഒന്നിച്ചുനിന്ന് നാടിനെ പിറകോട്ട് നയിക്കാനുളള നീക്കത്തെ തടയണം' -മുഖ്യമന്ത്രി പറഞ്ഞു.

 കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യമന്ത്രിയെ ചവിട്ടി അറബിക്കടലിലെറിയുമെന്നും,​ അദ്ദേഹത്തിന്റെ നയങ്ങള്‍ വിലപ്പോവില്ലെന്നും ശക്തമായ ജനപ്രതിഷേധം ഉണ്ടാകുമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.