ശബരിമല വിധിയെ ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാനാകില്ല: വിധിയുടെ മറവില്‍ കേരളത്തിന്റെ മതനിരപേക്ഷ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല വിധിയെ ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാനാകില്ല: വിധിയുടെ മറവില്‍ കേരളത്തിന്റെ മതനിരപേക്ഷ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സത്രീപ്രവേശന അനുവദിച്ച സുപ്രീം കോടതി വിധിയെ നിയമനിര്‍മാണം കൊണ്ടോ ഓര്‍ഡിനന്‍സ് കൊണ്ടോ മറികടക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിധിയുടെ മറവില്‍ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ വിശ്വാസികള്‍ അടക്കമുള്ളവര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളുമായി ഒരു ഏറ്റുമുട്ടലിന് സര്‍ക്കാര്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും ഈ ഉദ്ധ്യമത്തില്‍ ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബി.ജെ.പിയാകുമെന്ന് ഉറപ്പാണ്. സുപ്രീം കോടതി വിധിയെ ചരിത്രപരമാണെന്നാണ് കോണ്‍ഗ്രസ് ഹെെക്കമാന്റ് വിശേഷിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്‌തു.

എന്നാല്‍ ഇതിന് പിന്നാലെ സംസ്‌കരഹീനരായ ഒരു സംഘമാളുകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അണിനിരക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഇത്ര അധഃപതിച്ചല്ലോ എന്ന് നമുക്ക സഹതപിക്കാം''- അദ്ദേഹം പറഞ്ഞു.

എല്ലാ സാമൂഹ്യപരിഷ്‌കരണ നടപടികള്‍ക്കും അതാത് കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മാറുമറക്കാനുള്ള അവകാശം നേടിയെടുത്തപ്പോഴും അതിനെതിരെ സമരം നടന്നിട്ടുണ്ട്. മാറുമറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറാന്‍ പോലും തയ്യാറായി മാറുമറക്കാത്ത സ്ത്രീകള്‍ മുന്നോട്ടുവന്നു. എന്നാല്‍ ചരിത്രം അവര്‍ക്കൊപ്പമല്ല നിന്നത്.

ആചാരങ്ങള്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും പഠിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും ആചാരലംഘനങ്ങളായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത്തരം ദുരാചാരങ്ങളെല്ലാം മാറിയത്. അതിന് ശക്തമായ തുടര്‍ച്ചയിവിടെയുണ്ടായി. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനവും ഈ നവോത്ഥാനധാരയെ ഉള്‍ക്കൊണ്ടു മുന്നോട്ടുപോയതാണ് ഈ നാടിനെ മാറ്റിയത്.

ഇപ്പോള്‍ സുപ്രിം കോടതി വിധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും കേസ് നടക്കുന്ന ഘട്ടത്തില്‍ കേസില്‍ കക്ഷി ചേരാന്‍ തയ്യാറായിരുന്നില്ല. സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. സുപ്രിം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.