കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക; എട്ടുസീറ്റില്‍ അനിശ്ചിതത്വം തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക; എട്ടുസീറ്റില്‍ അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ എട്ടുസീറ്റില്‍ അനിശ്ചിതത്വം തുടരുന്നു. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളായില്ല. അന്തിമപട്ടിക വൈകാന്‍ കാരണം ഗ്രൂപ്പ് വടംവലിയാണ്. പട്ടികയില്‍ ഗ്രൂപ്പ് താല്‍പര്യങ്ങളുമായി നേതാക്കള്‍ പിടിമുറുക്കിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. എറണാകുളം സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും.

ഇന്നലെ ചേര്‍ന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് മിക്ക മണ്ഡലങ്ങളിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. രാത്രി വൈകിയും ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. ആന്ധ്രയ്ക്ക് പോയ ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തിയ ശേഷം നേതാക്കള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടരും. ഇതിനു ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക.

തൃശൂരില്‍ ടി.എന്‍.പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ. ശ്രീകണ്ഠനും സ്ഥാനാര്‍ഥികളാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചാലക്കുടി, വയനാട് സീറ്റുകളുടെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നു. എറണാകുളത്ത് ഇരുഗ്രൂപ്പുകളും ഹൈബി ഈഡന്റ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുമ്പോഴും അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാവും.