മദ്യം ഉള്ളില്‍ ചെന്ന് നാലു കുട്ടികൾ ആശുപത്രിയിൽ, രണ്ട് പേരുടെ നില ​ഗുരുതരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മദ്യം ഉള്ളില്‍ ചെന്ന് നാലു കുട്ടികൾ ആശുപത്രിയിൽ, രണ്ട് പേരുടെ നില ​ഗുരുതരം

കോട്ടയം: ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്ത് മദ്യം ഉള്ളില്‍ ചെന്ന് നാലു കുട്ടികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

 ബ്രഹ്മമംഗലത്തിനടുത്തുള്ള ചേമ്പാലപ്പള്ളില്‍ പാടശേഖരത്തിലാണ് മദ്യം നുകര്‍ന്ന് വിദ്യാര്‍ത്ഥികളെ അബോധാവസ്ഥയില്‍ കാണുന്നത്. 10, 11, 12 വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് മദ്യം കഴിച്ചത്. മദ്യപാനത്തിനുശേഷം ഇവര്‍ കൊടുംവെയിലത്ത് ഇരുന്നു. ഇതാണ് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയാക്കിയത്. ഒരു ലിറ്ററോളം വരുന്ന മദ്യം ഇവര്‍ തനിച്ചു കുടിച്ചുതീര്‍ത്തതായാണ് അറിയുന്നത്. വെളളം ചേര്‍ത്തിട്ടില്ലെന്നും പറയുന്നു.

അഞ്ചുപേര്‍ ഉണ്ടായിരുന്ന സംഘത്തിലെ ഒരാളെ വൈകുന്നേരത്തോടെ കണ്ടെത്തി. അബോധാവസ്ഥയില്‍ കിടന്ന വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് എത്തിയാണ് ആശുപത്രിയില്‍ ആക്കിയത്. 

വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി കെ.സുഭാഷ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം എങ്ങനെ കിട്ടി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.