സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോടിയേരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോടിയേരി

തിരുവനന്തപുരം: സിപിഐ എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ്‌ എസ്‌ സംഘപരിവാരം വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്‌.

ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. അത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഐ എം'നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. ഇത്തരം പ്രചരങ്ങളിൽ കുടുങ്ങിപ്പോകാതെ ജനങ്ങൾ വസ്തുതകൾ മനസിലാക്കണമെന്ന് കോടിയേരി പറഞ്ഞു.