അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി സിപിഎം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി സിപിഎം 

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. രക്തസാക്ഷികളുടെ പേരിൽ പിരിച്ച തുക ദുരുപയോഗം ചെയ്യുന്ന പാർട്ടിയല്ല സിപിഎം. അല്ലാതെ തന്നെ പാർട്ടിക്ക് കാശുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ. എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് രണ്ടേകാൽ കോടി രൂപയാണ്. അത് അക്കൗണ്ടിൽ തന്നെയുണ്ടെന്നും മോഹൻ പറഞ്ഞു.

അഭിമന്യുവിന്റെ പേരിൽ നാലു കോടി രൂപ പിരിച്ച് 35 ലക്ഷം മാത്രം വീട്ടിൽ കൊടുത്തതെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. എറണാകുളത്ത് അഭിമന്യുവിന്റെ പേരിൽ സ്മാരകം പണിയുന്നതിനു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ചില സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇടുക്കിയിൽ പിരിച്ച തുകയിൽ നിന്ന് 35 ലക്ഷം രൂപ മുടക്കി അഭിമന്യുവിന്റെ മാതാ പിതാക്കൾക്കു വേണ്ടി സ്ഥലം വാങ്ങി വീട് പണിതു നൽകി. സഹാദരിയെ കെട്ടിച്ചയയ്ക്കുന്നതിനു ചെലവഴിച്ചു. ബാക്കി തുക മാതാപിതാക്കളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും സി.എൻ. മോഹൻ പറഞ്ഞു.

രക്തസാക്ഷികൾക്കു വേണ്ടി പിരിച്ച തുക ദുരുപയോഗം ചെയ്യുന്ന പാർട്ടി കോൺഗ്രസാണ്. സി.എം. സ്റ്റീഫനു വേണ്ടി പാർട്ടി പിരിച്ച തുക എവിടെയെന്ന് മുല്ലപ്പള്ളി അന്വേഷിക്കണം. പാർട്ടി ‘നക്കി തീർത്തു’ എന്നാണ് ചില കോൺഗ്രസുകാർ പറഞ്ഞതെന്നും മോഹൻ പറഞ്ഞു.