അക്രമങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് ആവര്‍ത്തിച്ച് യെച്ചൂരി ; അക്രമിച്ചാല്‍ പ്രതിരോധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അക്രമങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് ആവര്‍ത്തിച്ച് യെച്ചൂരി ; അക്രമിച്ചാല്‍ പ്രതിരോധിക്കും

തൃശ്ശൂര്‍ : അക്രമങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് ആവര്‍ത്തിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരില്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. അതേസമയം, പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. സിപിഎം അക്രമം നടത്തുന്നുവെന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിന് ഉള്ളതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. 

ഇത്തരം നീക്കങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഎം. ഹിറ്റ്‌ലര്‍ ചെങ്കൊടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍, സോവിയറ്റ് യൂണിയന്റെ ചെങ്കൊടി ഹിറ്റ്‌ലര്‍ക്കുമേല്‍ ഉയര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും ചെങ്കൊടി ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍, തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും പാര്‍ട്ടി വന്‍വിജയമാണ് നേടിയത്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായി മാറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

മാധ്യമങ്ങള്‍ എന്ത് വ്യാഖ്യാനം നല്‍കിയാലും പാര്‍ട്ടി ഒറ്റശരീരമായി നിലകൊള്ളും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളുമില്ല. ഉള്‍പാര്‍ട്ടി ജാനധിപത്യമാണ് സിപിഐഎമ്മിന്റെ ശക്തി. ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും യെച്ചൂരി സമ്മേളനത്തില്‍ പറഞ്ഞു.