ദുരൂഹത നീങ്ങുന്നു ; ബാലഭാസ്കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച് , വാഹനമോടിച്ചത് അർജുൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരൂഹത നീങ്ങുന്നു ; ബാലഭാസ്കറിന്റേത് അപകടമരണമെന്ന് ക്രൈംബ്രാഞ്ച് , വാഹനമോടിച്ചത് അർജുൻ

തിരുവനന്തപുരം : ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാർ ഓടിച്ചിരുന്ന അർജുന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. ഇത് തെളിയിക്കുന്ന ഫോറൻസിക്, മോട്ടോർ വാഹന വകുപ്പ് കണ്ടെത്തലുകൾ ഇതിനകം ലഭിച്ചു. അന്വേഷണം പൂർത്തിയാക്കി വൈകാതെ റിപ്പോ‍ർട്ട് കോടതിയിൽ സമർപ്പിക്കും. അമിത വേഗത, ഡ്രൈവ‌‌ർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായ അവസ്ഥ, റോഡിന്റെ വലതുവശത്തേക്കുള്ള ചരിവ് എന്നിവ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ബാലഭാസ്ക്കറിനും കുടുംബത്തിനുമുണ്ടായ അപകടം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പുനരാവിഷ്ക്കരിച്ച് പരിശോധന നടത്തിയിരുന്നു. പള്ളിപ്പുറത്ത് ബാലഭാസ്ക്കറിന്‍റെ കാറിടിച്ച മരത്തിനടുത്തേക്ക് മറ്റൊരു കാർ വേഗത്തിൽ ഓടിച്ചാണ് അപകടം പുനരാവിഷ്ക്കരിച്ചത്. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടിയായിരുന്നു. KSRTC ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് ബാലഭാസ്ക്കറിന്‍റെ വാഹനം മരത്തിലിടിച്ചത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്ക്കർ പിന്നീട് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാളായി ചികിത്സയിലായിരുന്നു. ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ബാലഭാസ്ക്കറിന്‍റെ അച്ഛനും അപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.


LATEST NEWS