ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിനു വലിയ മറ; ചുട്ടുപൊള്ളുന്ന  സമകാലിക വിഷയങ്ങള്‍ കാണാമറയത്താകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിനു വലിയ മറ; ചുട്ടുപൊള്ളുന്ന  സമകാലിക വിഷയങ്ങള്‍ കാണാമറയത്താകുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസും ദിലീപിന്റെ അറസ്റ്റും കേരളത്തിന്റെ മുഖ്യശ്രദ്ധയില്‍ എത്തിയതോടെ ജനജീവിതത്തെ
ബാധിക്കുന്ന, സര്‍ക്കാരിനെ ബാധിക്കുന്ന മുഖ്യ പ്രശ്നങ്ങളും തിരശ്ശീലയ്ക്കുള്ളിലേക്ക് മറയുന്നു.   ഇത് സര്‍ക്കാരിനെ തീര്‍ത്തും
സുരക്ഷിതമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.  സര്‍ക്കാരിന് തലവേദനയായ   പ്രശ്നങ്ങളും, ഭരണപരമായ പ്രതിസന്ധികളുമെല്ലാം
  കേരളത്തിന്റെ പൊതു ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നു

. തലവേദനയാകുന്ന മുഖ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ ഇപ്പോള്‍  ചര്‍ച്ചചെയ്യപ്പെടുന്നില്ല. എല്ലാം ദിലീപിന്റെ അറസ്റ്റ് എന്ന വലിയ മറയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. സര്‍ക്കാരിന് സന്തോഷ പ്രദമായ അവസ്ഥയാണ്  നിലവില്‍ ഉള്ളത്.   ഇപ്പോഴും വിവാദമായി തുടരുന്ന മൂന്നാര്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം, മൂന്നാര്‍ പ്രശ്നത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട സിപിഐ-സിപിഎം കലാപം, സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട്   ഇപ്പോഴും തുടരുന്ന പനി മരണങ്ങള്‍, നഴ്സസ് സമരം, കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം, ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍, തക്കാളി വില ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയര്‍ന്ന്‍ 80 രൂപ വരെ എത്തി നില്‍ക്കുന്ന അവസ്ഥ. ഇങ്ങിനെ കേരളത്തിന്റെ സമകാലിക ജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മിക്ക പ്രശ്നങ്ങളും അപ്രത്യക്ഷമായ അവസ്ഥയിലാണ്.

മൂന്നാര്‍ കയ്യേറ്റങ്ങള്‍  കേരളത്തിന്റെ സവിശേഷ ശ്രദ്ധയ്ക്ക് വിഷയമായിരിക്കെയാണ്  കയ്യേറ്റ പ്രശ്നത്തില്‍ ധീരമായ നടപടികളുമായി നീങ്ങിയ  മൂന്നാര്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം വരുന്നത്. കയ്യേറ്റ ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ അതേപടി വഴങ്ങുകയായിരുന്നു. ശ്രീറാമിന് അനുകൂലമായി നിന്ന, റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐക്കോ , റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനോ ഈ കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കാനായില്ല. അതോ സിപിഐയും കയ്യേറ്റങ്ങള്‍ക്ക് പിന്നീട് മൌനാനുവാദം നല്കിത്തുടങ്ങിയോ എന്ന
കാര്യവും ഉയര്‍ന്നു നില്‍ക്കുന്നു.

ചീഫ് സെക്രട്ടറി നളിനി നെറ്റോ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റം  കൊണ്ടുവന്നത്.   അത്  അംഗീകരിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ, ഹൈക്കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ ശ്രീറാമിനെ മാറ്റുന്നതു ജനങ്ങൾക്കിടയിൽ മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നു മന്ത്രി ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ . സിപിഐയുടേതടക്കം മറ്റു മന്ത്രിമാർ മിണ്ടിയില്ല.

മൂന്നാർ പൊലീസ് സ്റ്റേഷന് എതിർവശമുള്ള വി.വി.ജോർജിന്റെ റിസോർട്ട് സ്ഥിതി ചെയ്യുന്ന 22 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്നും
ഒഴിപ്പിക്കാമെന്നും ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.  കോടതി വിധി  സര്‍ക്കാരിന് രാഷ്ട്രീയ   വിജയമായപ്പോൾ തന്നെയാണ്
സബ്കലക്ടറെ തന്നെ പിറ്റേന്നു മാറ്റി സിപിഎമ്മും മുഖ്യമന്ത്രിയും മറുപടി നൽകിയത്.  

 മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി തുടങ്ങിയപ്പോൾ തന്നെ ശ്രീറാമിനെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രി മണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു സമ്മർദം തുടങ്ങിയിരുന്നു. മൂന്നാര്‍ പോലുള്ള ഒരു പൊള്ളുന്ന വിഷയം ദിലീപിന്റെ അറസ്റ്റോടെ അപ്രസക്തമായ അവസ്ഥയിലായി. ദുരിത ജീവിതം ഉയര്‍ത്തിക്കാട്ടിയുള്ള  നഴ്സുമാരുടെ സമരമോ? ഈ പ്രശ്നത്തേയും ദിലീപിന്റെ അറസ്റ്റ് പിന്നണിയിലേക്ക് വലിച്ചു.

നഴ്സുമാര്‍ സമരം ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ്. സുപ്രീംകോടതി വിധിച്ചത് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാനാണ്. ഈ വിധി നടപ്പിലാക്കിക്കിട്ടാനാണ് നഴ്സുമാര്‍ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. സമരം പനി മരണം കൂട്ടും എന്ന് ഹൈക്കോടതിക്ക് ബോധ്യമുള്ളതിനാല്‍ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. കാരണം നഴ്സുമാരുടെ സമരത്തിനു കേരളത്തിന്റെ  പിന്തുണയുണ്ട് എന്ന വസ്തുത സര്‍ക്കാരിന് ബോധ്യമുണ്ട്.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റ്കളോട് സര്‍ക്കാരിനു ആവശ്യപ്പെടാവുന്നതാണ്. അത് എന്തുകൊണ്ട് സര്‍ക്കാര്‍ ചെയ്യുന്നില്ല. പകരം സര്‍ക്കാര്‍ നീക്കം. നഴ്സുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താനാണ്. നഴ്സുമാരുടെ ശമ്പളം 17000 രൂപയാക്കി നിജപ്പെടുത്താനാണ്. ഇതു നഴ്സുമാര്‍ അംഗീകരിക്കുന്നില്ല. സമരം തുടരുകയും ചെയ്യുന്നു. പ്രശ്നപരിഹാരത്തിനു സാധ്യത തേടി ബുധനാഴ്ച ഹൈക്കോടതി മീഡിയേഷൻ യോഗം  വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച നഴ്സുമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഈ പ്രശ്നങ്ങളും  മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷമായ അവസ്ഥയാണ്. കാരണം ദിലീപ് പ്രശനം തന്നെ. 

കേരളത്തില്‍ തുടരുന്ന പനി മരണങ്ങളോ? ഒരു നിയന്ത്രണവും ഇല്ലാതെ പനി മരണങ്ങള്‍ കുതിക്കുകയാണ്. വിവിധ തരത്തിലുള്ള പനികള്‍ ജനങ്ങളുടെ ജീവനുകള്‍ കവര്‍ന്നു എടുക്കുമ്പോള്‍ ഒരു മുന്‍കരുതലും എടുക്കാനാകാതെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. പനി മരണങ്ങള്‍ തടയാനാകാതെ അമ്പരന്നിരിക്കുന്ന അവസ്ഥയിലാണ് നിലവില്‍ സര്‍ക്കാര്‍.

അമ്പരപ്പിക്കുന്ന പനി മരണങ്ങളുടെ കണക്കാണ്   കേരളത്തില്‍ ഉള്ളത്. കഴിഞ്ഞവർഷം 78 പനി മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ടു ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റിപ്പോർട്ടു ചെയ്തത് 153 പനി മരണങ്ങള്‍. എന്ത് വിശദീകരണമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്? പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് ഇരട്ടിയാകുകയാണ്.  

കണക്കുകള്‍ ജൂലൈ 13 വരെ   ഇങ്ങിനെ: പനി–ബാധിച്ചവർ– 17,66,652  മരിച്ചത്–57 പേർ,  ഡെങ്കിപ്പനി  ബാധിച്ചവർ–11,229,  മരിച്ചത്–19 പേർ.,  എലിപ്പനി ബാധിച്ചവർ–701,  മരണം–10,  എച്ച്1 എൻ1 ബാധിച്ചവർ–1901,  മരിച്ചത്– 66 പേർ,  മലേറിയ–ഒരു മരണം. ആകെ  മരണം –153.  2016 ലെ കണക്ക് ജനുവരി  മുതല്‍ ഡിസംബര്‍ വരെ ഇങ്ങിനെ:   പനി ബാധിച്ച് മരിച്ചവർ– 18,  ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ–21,  എലിപ്പനി ബാധിച്ച് മരിച്ചവർ–35, എച്ച്1എൻ1 ബാധിച്ച് മരിച്ചവർ–1,  മലേറിയ ബാധിച്ച്  മരിച്ചവർ–3.  ആകെ–78  കണക്കുകള്‍ കുത്തനെ കൂടുകയാണ് ഒരു വര്‍ഷത്തിന്നിടെ ഉണ്ടായത്. ഈ പൊള്ളുന്ന സത്യങ്ങളും ദിലീപ് വിഷയത്തില്‍ മങ്ങിപ്പോയിരിക്കുന്നു.

ആരോഗ്യസംരക്ഷണത്തിൽ മുന്നിലെന്ന് അവകാശപ്പെടുമ്പോഴുള്ള  സംസ്ഥാനത്തിന്റെ അവസ്ഥയാണിത്‌. ഈ സമയത്ത് തന്നെയാണ് കോവളത്തെ വിവാദമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളുള്ള ഈ ഹോട്ടലിനു ഒപ്പം വിവാദമായി തുടരവേയാണ് കോവളം കൊട്ടാരം കൂടി വിവാദ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്.

ഇപ്പോഴത്തെ ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനാണ് മുന്‍പ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കോവളം കൊട്ടാരത്തിനുവേണ്ടിയുള്ള സമരം നയിച്ചത്. അതിനു ശേഷമാണ് കോവളം കൊട്ടാരം ഒരു വിവാദ പ്രശനമായി കേരളത്തിനു മുന്‍പാകെ വരുന്നത്. ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ തന്നെ അധികാരത്തിലിരിക്കെ കോവളം കൊട്ടാരം വിവാദ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം
എടുത്തിരിക്കുന്നു. ഈ വിവാദവും മുങ്ങിപ്പോയിരിക്കുന്നു.

ജിഷ്ണുവിന്റെ ദുരൂഹമരണം അന്വേഷിക്കുന്നത് സിബിഐ ക്ക് വിട്ടതോടെ ഈ കാര്യത്തില്‍ സര്‍ക്കാര്‍ മുഖം രക്ഷിച്ചിരിക്കുന്നു. പക്ഷെ പ്രതിസ്ഥാനത്തുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്  കേരളത്തില്‍ കാലു പോലും കുത്താന്‍ കഴിയാതെ കോയമ്പത്തൂരിലാണ്. കെ.സുധാകരനെപ്പോലുള്ള പ്രമുഖ കോണ്‍ഗ്രസ്  നേതാക്കളെപ്പോലും മുന്‍ നിരയില്‍ നിര്‍ത്തി   കോയമ്പത്തൂരില്‍ നിന്നുകൊണ്ട് കൃഷദാസ് നയിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പൊതുദൃഷ്ടിയില്‍ നിന്നും ഒഴിവായി രഹസ്യാത്മകത നിലനില്‍ക്കുന്നതിനു   ദിലീപിന്റെ അറസ്റ്റ് കാരണമായിരിക്കുന്നു.

ഇപ്പോള്‍  തക്കാളി വില പോലും കുതിച്ച് കയറുന്ന അവസ്ഥയാണ്. കിലോയ്ക്ക് 15 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോയ്ക്ക് 80 രൂപയാണ്. ഒരു ഇടപെടലും വിപണിയില്‍ നടത്താതെ ദിലീപ് പ്രശ്നങ്ങളുടെ മറവില്‍ നിസ്സംഗമായ അവസ്ഥയിലാണ് ഈ പ്രശ്നത്തേയും സര്‍ക്കാര്‍ വീക്ഷിക്കുന്നത്. ഇങ്ങിനെ ജനജീവിതത്തെയും, കേരളത്തിലെ പൊതു സമൂഹത്തെയും ബാധിക്കുന്ന ഒട്ടുവളരെ പ്രശ്നങ്ങള്‍ക്ക് ദിലീപിന്റെ അറസ്റ്റ്  സര്‍ക്കാരിനു വലിയ മറ സൃഷ്ടിക്കുകയാണ്. 
 


LATEST NEWS