വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
കൊച്ചി: ഇന്നലെ പുലർച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ ചോദ്യം ചെയ്തത് 12 മണിക്കൂർ. 13 മണിക്കൂറിനു ശേഷമുള്ള രണ്ടാം ചോദ്യം ചെയ്യല്‍. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യല്‍. പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് ദിലീപ്. ഒരുഘട്ടത്തിൽ ബോധക്ഷയം നടിച്ചും ചോദ്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു.
ഏറെ വിവാദങ്ങൾക്കു വഴിയൊരുക്കിയ കേസിലെ നിർണായക അറസ്റ്റു വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷൻ സംബന്ധിച്ചു മുഖ്യപ്രതി സുനിൽകുമാറിനോടു (പൾസർ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ ദിലീപ് സമ്മതിച്ചു.
പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.