നടിയെ ആക്രമിച്ച കേസ് :  ദിലീപ് എട്ടാം പ്രതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നടിയെ ആക്രമിച്ച കേസ് :  ദിലീപ് എട്ടാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി . കേസില്‍ ഗൂഡാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കുറ്റപത്രം ചൊവ്വാഴ്ച  കോടതിയില്‍ സമര്‍പ്പിക്കും

കേസില്‍ 300 ലധികം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും.കേസില്‍ 425 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്..450 ല്‍ അധികം രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണിത്. 

മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കഴിഞ്ഞ ദിവസം   ദിലീപ് ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കിയിരുന്നു. വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പോലീസിന്റെ നീക്കം .ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിനിരയായത്.

ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത് എന്നാണ് വിവരം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.