കുടിശ്ശിക ഉടൻ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്: മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പുനസ്ഥാപിക്കാമെന്ന് വിതരണക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടിശ്ശിക ഉടൻ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്: മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പുനസ്ഥാപിക്കാമെന്ന് വിതരണക്കാർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. കുടിശ്ശിക ഉടൻ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുളള മരുന്നിന്‍റേയും സ്റ്റെന്‍റിന്‍റേയും വിതരണം പുനരാരഭിക്കാന്‍ ധാരണയായി. സ്റ്റെന്‍റ് , മരുന്ന് വിതരണ കമ്പനികളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനമായത്. 

സ്റ്റെന്‍റ് അടക്കമുളള ഉപകരണങ്ങളുടെ വിതരണം നിലച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചിരുന്നു. സ്റ്റെന്‍റും ഹൃദയശസ്ത്രക്രീയ ഉപകരണങ്ങളും വിതരണം ചെയ്യുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് 18 കോടി രൂപയായിരുന്നു നല്‍കാനുണ്ടായിരുന്നത്.

മരുന്നു വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 30 കോടിയിലധികം രൂപയാണ്. ഇതില്‍ 40ശതമാനം തുക നാളെ നല്‍കുമെന്നാണ് ജില്ലാ കളക്ടറുടെ ഉറപ്പ്. ഇതോടെയാണ് സ്റ്റെന്‍റിന്‍റേയും ഹൃദയശസ്ത്രക്രീയ ഉപകരണങ്ങളുടേയും വിതരണം പുനസ്ഥാപിക്കാന്‍ ധാരണയായത്. സ്റ്റെന്‍റും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുമെത്തുന്നതിനാല്‍ കാത്ത് ലാബ് നാളെ തുറക്കും. 1500ലധികം രോഗികള്‍ക്കാണ് ഇതോടെ ആശ്വാസമാവുക.


LATEST NEWS