ലോക്‌സഭാ: പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് വീണ്ടും അവസരം നൽകുന്നതിനെതിരെ ജില്ലാ നേതാക്കൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക്‌സഭാ: പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്ക് വീണ്ടും അവസരം നൽകുന്നതിനെതിരെ ജില്ലാ നേതാക്കൾ

പത്തനംതിട്ട സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിക്ക് വീണ്ടും അവസരം നൽകുന്നതിനെതിരെ ജില്ലാ നേതാക്കൾ. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആന്റോയെ മാറ്റി പകരം ജില്ലക്കാരനായ ഒരാളെ മത്സരിപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. മൂന്നാം തവണയും ആന്റോ തന്നെ മത്സരിക്കാൻ സാധ്യത ഉണ്ടെന്ന ഘട്ടത്തിലാണ് ജില്ലാ നേതാക്കളുടെ പരസ്യ പ്രസ്‌താവന.

ഒരാൾ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്ന രീതിക്കെതിരാണ് മിക്ക നേതാക്കളും. ഇന്ന് ചേര്‍ന്ന പത്തനംതിട്ട ഡിസിസിയുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു എന്നാണ് വിവരം. എ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും ആന്‍റോയെ തള്ളിപ്പറഞ്ഞു. 

ആന്റോയെ മത്സരിപ്പിക്കുന്നതിലെ എതിർപ്പ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനേയും സംസ്ഥാന നേതാക്കളേയും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, മുകുള്‍ വാസ്നിക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യം കത്തിലൂടെ ജില്ലാ നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ആന്‍റോ തന്നെ വീണ്ടും പത്തനംതിട്ടയില്‍ മത്സരിക്കും എന്ന സൂചനയാണ് മുകുള്‍ വാസ്നിക് നല്‍കിയത്. 

അതേസമയം, ഇത്തവണ പത്തനംതിട്ടയിൽ മത്സരം കടുപ്പമാകും എന്നാണു സൂചന. ശബരിമല വിഷയം ഉന്നയിച്ച് പത്തനംതിട്ടയിൽ വിജയിക്കാൻ ശക്തമായ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പത്തനംതിട്ടയിൽ എത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ സ്ഥാനാർഥി നിർണയം കോൺഗ്രസിന് എളുപ്പമാകില്ല.


LATEST NEWS