ചര്‍ച്ചക്കൊടുവില്‍  കെ.ജി.എം.ഒ.എ. നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചര്‍ച്ചക്കൊടുവില്‍  കെ.ജി.എം.ഒ.എ. നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച്‌ കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. കെ.ജി.എം.ഒ.എ. ഭാരവാഹികളുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കുമെന്നും കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തുമെന്നും ചര്‍ച്ചയില്‍ തീരുമാനമായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും
2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.
3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.
6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും
7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

നേരത്തെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ച ശേഷം ഇവര്‍ തിരിച്ചുപോയി. എന്നാല്‍ സമരം നിറുത്തിയ ശേഷം താനുമായുള്ള ചര്‍ച്ച മതിയെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും മന്ത്രി രാവിലെയും വ്യക്തമാക്കിയിരുന്നു.‌


LATEST NEWS