വ്യാജരേഖാ വിവാദം; അങ്കമാലി രൂപത വൈദിക സമിതിയുടെ അടിയന്തര യോഗം വിളിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജരേഖാ വിവാദം; അങ്കമാലി രൂപത വൈദിക സമിതിയുടെ അടിയന്തര യോഗം വിളിച്ചു

കൊച്ചി: സിറോ മലബാര്‍ സഭയില്‍ പുകയുന്ന വ്യാജരേഖാ വിവാദത്തെത്തുടര്‍ന്ന് അങ്കമാലി രൂപത വൈദിക സമിതിയുടെ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് നാലുമണിക്കാണ് യോഗം. ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും, ഫാ പോള്‍ തേലേക്കാട്ടും കേസില്‍ പ്രതിയായതില്‍ ഗൂഢാലോചന ഉണ്ടെന്ന് വൈദികര്‍ പറയുന്നു. പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രകാവിലിനെ പുറത്താക്കണമെന്നും ജോബിയുടെ നടപടി ദുരൂഹമാണെന്നും വൈദിക സമിതി ആരോപിച്ചു. മെത്രാനെതിരെ പരാതി നല്‍കിയത് കാനോനിക നിയമത്തിന്റെ ലംഘനമാണെന്നും വൈദിക സമിതി പറയുന്നു.

വ്യാജ രേഖാ കേസ് പിന്‍വലിക്കുകയോ ഒത്തുതീര്‍ക്കുകയോ വേണ്ടെന്ന് സീറോ മലബാര്‍ സഭാ സിനഡ് വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിച്ച് കേസ് ഒത്തുതീര്‍ക്കാനുള്ള സാധ്യത ഉണ്ടോയെന്ന് സിനഡ് ചര്‍ച്ചചെയ്തിരുന്നു. ഭൂമി വിവാദത്തിനു പിന്നാലെവന്ന വ്യാജരേഖാ വിവാദം ചര്‍ച്ചചെയ്യാനായിരുന്നു സിനഡ് വിളിച്ചുചേര്‍ത്തത്. സിനഡില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും ഉണ്ടായിരുന്നു.

കേസ് ഒത്തുതീര്‍ക്കെണ്ടെന്നും വ്യാജരേഖ എവിടെനിന്നു വന്നു എന്നുള്ളത് കണ്ടെത്തണമെന്നുമായിരുന്നു സിനഡിന്റെ ആവശ്യം. കേസില്‍ ജേക്കബ് മനത്തേടത്തിനെ ഒന്നാം പ്രതിയും പോള്‍ തേലേക്കാട്ടിനെ രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റര്‍ ചെയ്തത് പരാതിക്കാരനായ വൈദികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

വൈദികന്റെ മൊഴിപ്രകാരം പോള്‍ തേലേക്കാട്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ബിഷപ്പിനെതിരെ വൈദികന്‍ മൊഴി നല്‍കിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നുള്ളതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പോള്‍ തേലേക്കാട്ട് നിര്‍മ്മിച്ച വ്യാജരേഖ ബിഷപ്പ് വഴി സിനഡില്‍ ഹാജരാക്കിയെന്നാണ് വൈദികന്‍ നല്‍കിയ മൊഴി.