മഞ്ചക്കണ്ടി വനത്തില്‍ പോലീസും മാവോവാദികളും തമ്മിൽ  ഏറ്റുമുട്ടൽ;  ഒരു മാവോവാദി കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ചക്കണ്ടി വനത്തില്‍ പോലീസും മാവോവാദികളും തമ്മിൽ  ഏറ്റുമുട്ടൽ;  ഒരു മാവോവാദി കൊല്ലപ്പെട്ടു

പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. കുപ്പുദേവരാജിന്റെ മരണശേഷം മണിവാസകമായിരുന്നു ദളത്തിന്റെ നേതാവ്‌.

കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്നാട് സ്വദേശികളായ എ.എസ്. സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദികളില്‍ ചിലര്‍ വനത്തിലുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തുന്നത്. ഇവരെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെയ്പുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ മഞ്ചക്കണ്ടിയില്‍നിന്ന് വനത്തിലേക്ക് പോയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് വഴികാട്ടാനായി പോയ ഒരു പ്രദേശവാസിയുമാണ് വനത്തില്‍നിന്ന് വെടിയൊച്ച കേട്ടത്.

അതേസമയം മഞ്ചക്കണ്ടി മേഖലയില്‍ മാവോവാദികള്‍ ഇടയ്ക്കിടക്ക് വരാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അരിയും മറ്റും പ്രദേശവാസികളില്‍നിന്ന് വാങ്ങാറുണ്ടെന്നും അവര്‍ പറഞ്ഞു. ആയുധങ്ങളുമായാണ് വരാറ്. ഇന്നലെ കൊല്ലപ്പെട്ട കാര്‍ത്തിയെ നേരത്തെ, പലതവണ പ്രദേശത്ത് കണ്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.