ഇടുക്കിയിലെ കഞ്ചാവ് മാഫിയകളെചൊല്ലി എക്‌സൈസില്‍ കലാപം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കിയിലെ കഞ്ചാവ് മാഫിയകളെചൊല്ലി എക്‌സൈസില്‍ കലാപം.


കൊച്ചി: ഇടുക്കിയിലെ കഞ്ചാവി മാഫിയകളെചൊല്ലി എക്‌സൈസ് ജോയിന്‍ കമ്മീഷണര്‍ക്കെതിരെ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍. എക്‌സൈസ് വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപോര് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അവസാനിച്ചിട്ടില്ല. ഇടുക്കിയിലെ കഞ്ചാവ് മാഫിയകളെക്കുറിച്ച് മേല്‍പ്പറഞ്ഞ രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ വെവ്വേറെ റിപ്പോര്‍ട്ടുകള്‍ എക്‌സൈസ് വകുപ്പിനു തന്നെ നാണക്കേടാണ്. ഇവരുടെ റിപ്പോര്‍ട്ടുകളിലൂടെ മയക്കുമരുന്നു മാഫിയയും പോലീസും എക്‌സൈസും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് ചുരുളഴിയുന്നത്.
മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.മോഹനനും അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ. രാധാകൃഷ്ണനും തമ്മിലാണ് കഞ്ചാവു മാഫിയകളെ ചൊല്ലി ശീതസമരം നടത്തുന്നത്. ഇവര്‍ പരസ്പരം ചെളി വാരിയെറിയുകയാണ്. 2014 ഫെബ്രുവരി 19-നു ഇടുക്കി ജില്ലയിലെ രാജക്കാട് തെങ്ങുംകുടിയില്‍ നിന്നും കഞ്ചാവു ഓയില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കേസാണ് സംസ്ഥാന എക്‌സൈസ് വകുപ്പിനെ നാണം കെടുത്തുന്ന തരത്തിലെത്തി നില്‍ക്കുന്നത്. ഈ കേസില്‍ പ്രതി ചേര്‍ത്തത് ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍ വില്ലേജില്‍ ശല്ല്യാംപാറ പൂത്തലനിരപ്പ് കരയില്‍ വരിക്കതറപ്പേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ അനിലാണ്. അനിലിനെതിരെ കള്ളക്കേസാണെന്ന് ജോയിന്റ് എക്‌സൈസ് ഓഫീസര്‍ കെ. മോഹനന്‍. എന്നാല്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് മോഹനന്‍ എക്‌സൈസ് വകുപ്പിന് ദുഷ്‌പേരുണ്ടാക്കി എന്നാണ്. അനില്‍ നിരപരാധിയാണെന്ന കെ.മോഹനന്റെ റിപ്പോര്‍ട്ട് ഇങ്ങനെ: കഞ്ചാവ് ഓയിലും മോട്ടോര്‍ സൈക്കിളും എക്‌സൈസ്‌കാര്‍ തന്നെയാണ് അനിലിന്റെ പുതുതായി പണിതുകൊണ്ടിരുന്ന വീടിന്റെ പോര്‍ച്ചില്‍ കൊണ്ടുവന്ന് വെച്ച് കേസെടുത്തത്. അനിലിന്റെ ശ്രീകൃഷ്ണ ഹോട്ടലില്‍ മദ്യകച്ചവടം നടത്താറുണ്ടെന്ന് പറഞ്ഞ് എക്‌സൈസുകാര്‍ 25000 രൂപ ആവശ്യപ്പെടാറുണ്ടെന്നും കൊടുക്കാത്തതിനാല്‍ ഹോട്ടല്‍ റെയ്ഡ് ചെയ്തിട്ടുണ്ടെന്നും റെയ്ഡില്‍ മദ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായന്നും കെ.മോഹനന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ മോഹനന്റെ റിപ്പോര്‍ട്ടില്‍ എക്‌സൈസ് വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവും കഞ്ചാവ് ഓയിലും ഇടുക്കി ജില്ലയില്‍ എത്തിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കെത്തിക്കുന്ന മയക്കുമരുന്നു മാഫിയയ്ക്ക് സഹായം നല്‍കുന്നത് പോലീസിലെയും എക്‌സൈസിലെയും ഉദ്യോഗസ്ഥരാണ്. അതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു എന്നതാണ് മോഹനന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതേസമയം മോഹനന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയ അഡീഷണല്‍ എക്‌സൈസ് ഓഫീസര്‍ കെ. രാധാകൃഷ്ണന്‍ മോഹനന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് പറയുന്നു. മോഹനനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്. അക്കൂട്ടത്തില്‍ ചിലതിങ്ങനെ.
കെ. മോഹനന്‍ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരിക്കേ അങ്കമാലിയിലെ ഒരു ബാര്‍ ഹോട്ടലില്‍ അന്വേഷണം നടത്താതെ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് നല്‍കിയിരുന്നു. 2013 ജൂലൈ 17-ന് വര്‍ക്കലയിലെ ബാബുജി ബാര്‍ ഹോട്ടലില്‍ നിന്നും സെക്യൂരിറ്റി ലേബലില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു കേയ്‌സ് റം സെക്കന്‍ഡ്‌സ് മദ്യം പിടിച്ച പരാതിയില്‍ ബാര്‍ ഉടമയ്ക്ക് അനുകൂലമായി മോഹനന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
എക്‌സൈസ് വകുപ്പില്‍ ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ രൂക്ഷമായിട്ടും വകുപ്പ് മന്ത്രിയായ കെ.ബാബുവിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലായെന്നും ആക്ഷേപമുണ്ട്.