മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ മര്‍ദ്ദിച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ മര്‍ദ്ദിച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ: മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെയും കുട്ടികളുടേയും മുന്നിലിട്ട് മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ നഗ്നമായ ലംഘനമാണ് പിതാവ് നടത്തിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോട് പെരുമാറാന്‍ ആര്‍ക്കും കഴിയില്ല. വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അരൂര്‍ മെഴ്‌സി സ്‌കൂളിലാണ് സംഭവം നടന്നത്.  ചേര്‍ത്തല സ്വദേശി കമ്മീഷനംഗം പി മോഹനദാസ് വാട്ട്‌സ്‌ആപ്പ് സന്ദേശമായി അയച്ചുകൊടുത്ത വിഡിയോ ദൃശ്യമാണ് കേസിന് ആസ്പദമായത്. ക്ലാസ് മുറിയില്‍ ടീച്ചറുടെ മുന്നില്‍ കുഞ്ഞിനെ അച്ഛന്‍ മര്‍ദ്ദിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.