കുടുംബവഴക്കിനിടെ പിതാവ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടുംബവഴക്കിനിടെ പിതാവ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു

ഹരിപ്പാട്: കുടുംബവഴക്കിനിടെ യുവാവ് കുഞ്ഞിനെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു. കിണറിനു വലയിട്ടിരുന്നതിനാൽ കുഞ്ഞ് കിണറ്റിൽ വീഴാതെ രക്ഷപ്പെട്ടു

 ഭാര്യയെ മർദിക്കുകയും 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിയുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം.

ഭർത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ചേപ്പാട് രാമപുരത്തു മാതാപിതാക്കളോടൊപ്പം താമസിക്കുകയാണു യുവതി. ദുബായിൽ ജോലി ചെയ്യുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയപ്പോൾ വിവാഹമോചനത്തെക്കുറിച്ചു സംസാരിക്കാനാണു ഭാര്യാവീട്ടിലെത്തിയത്.

ഈ സമയം വഴക്കുണ്ടാവുകയും കുഞ്ഞിനെ തന്റെ കയ്യിൽ നിന്നു ബലമായി പിടിച്ചുവാങ്ങി സമീപത്തെ കിണറ്റിലേക്ക് എറിയുകയുമായിരുന്നെന്നാണു കുഞ്ഞിന്റെ അമ്മ പൊലീസിനു നൽകിയ മൊഴി. ബഹളം കേട്ടു നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. പിന്നീടാണു പൊലീസ് ഇയാളെ പിടികൂടിയത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. തലയ്ക്കു പരുക്കേറ്റ കുഞ്ഞിനെയും മർദനമേറ്റ അമ്മയെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സ്കാനിങ്ങിനു വിധേയമാക്കി.