ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയെന്നാവര്‍ത്തിച്ച് പിതാവ്; ആത്മഹത്യാക്കുറിപ്പില്‍10 പേരുടെ പേര്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയെന്നാവര്‍ത്തിച്ച് പിതാവ്; ആത്മഹത്യാക്കുറിപ്പില്‍10 പേരുടെ പേര്

കൊല്ലം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയെന്നാവര്‍ത്തിച്ച് പിതാവ് അബ്ദുല്‍ ലത്തീഫ്. ആത്മഹത്യാക്കുറിപ്പില്‍ ഏഴ് സഹപാഠികളുടെയും മൂന്ന് അധ്യാപകരുടെയും പേര് ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതില്‍ മലയാളികളും വിദേശ ഇന്ത്യക്കാരുമുണ്ടെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അധ്യാപകരും സഹപാഠികളും ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചു. അന്വേഷണം വഴിതിരിച്ചുവിടുമെന്ന ഭയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒരാഴ്ചയ്ക്കകം ഉത്തരവുണ്ടാകുമെന്ന് അമിത് ഷാ ഫാത്തിമയുടെ പിതാവിനും സഹോദരിക്കും ഉറപ്പുനല്‍കി. വനിതാ ഐ.ജിക്കാകും അന്വേഷണ ചുമതല. ഫാത്തിമയുടെ മരണത്തിനുപുറമെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ മറ്റ് മരണങ്ങളും അന്വേഷണപരിധിയിലുണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചു. കേരള എം.പിമാര്‍ക്കൊപ്പമാണ് ഫാത്തിമയുടെ പിതാവും സഹോദരിയും അമിത്ഷായെ കണ്ടത്. പ്രധാനമന്ത്രിക്കും സംഘം പരാതി നല്‍കി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പ്രധാനമന്ത്രിയുെടയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും പ്രതികരണം തൃപ്തികരമാണെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫും പ്രതികരിച്ചു. ഐഐടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബർ ഒൻപതിനാണ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ഫാത്തിമ ആത്മഹത്യ െചയ്തുവെന്നാണ് ഐഐടി അധികൃതർ പറയുന്നത്.