വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവം;  അന്വേഷണം ആരംഭിച്ച് ഫയർ ആന്റ് റെസ്‌ക്യൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവം;  അന്വേഷണം ആരംഭിച്ച് ഫയർ ആന്റ് റെസ്‌ക്യൂ

തിരുവനന്തപുരം: വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഇന്ന് കെട്ടിടത്തിൽ പരിശോധന നടത്തി. വലിയ അപകടമാണ് ഒഴിവായതെന്ന് പ്രാഥമിക വിലയിരുത്തലിനു ശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വഴുതക്കാട് കലാഭവൻ തീയേറ്ററിനോട് ചേർന്നുള്ള വ്യാപാര കേന്ദ്രത്തിൽ വൻ തീപിടുത്തമുണ്ടായത്. രാവിലെ ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങളാണ് കത്തി നശിച്ചതിൽ ഭൂരിഭാഗവും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധന കൂടി കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളു. കെട്ടിടത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും തീപടർന്നതിന്റെ കാരണം ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം അന്വേഷിച്ചു വരികയാണ്. ആറ് നില കെട്ടിടത്തിലെ രണ്ടു നിലകളിലാണ് തീപടർന്നത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. നാശനഷ്ടം കണക്കാക്കി വരികയാണ്.