ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ മുഖ്യപ്രതി വൈദികന്‍

ബില്‍ഡറുമാരുടെ കരാര്‍ പ്രകാരം അവിഭക്ത ഷെയര്‍ (undivided share) രജിസ്റ്റര്‍ ചെയ്തു തരുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ മുഖ്യപ്രതി വൈദികന്‍

കൊച്ചി: ആഢംബര ഫ്‌ലാറ്റ്‌ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും 15കോടി തട്ടിയെടുത്തവര്‍ക്കെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു പരാതി. ഒരു ക്രൈസ്തവ പുരോഹിതന്റെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. 
    2007-ല്‍ ആണ് ഗിരീഷ് കുമാര്‍, സനല്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ത്ഥസാരഥി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചത്. എറണാകുളം പാലാരിവട്ടത്തിനു സമീപം തമ്മനം എന്ന സ്ഥലത്തായിരുന്നു ഓഫീസ്. ഏഴ് ഭവന പദ്ധതികളാണ് പാര്‍ത്ഥസാരഥി ബില്‍ഡേഴ്‌സ് എറണാകുളം ജില്ലയിലും തേക്കടിയിലും പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയിലെ അഗസ്ത്യ, മരടിലെ വൈഷ്ണവ, കാക്കനാടെ പാര്‍ക്ക് വ്യൂ, ആലുവയിലെ റിവറൈല്‍മിസ്റ്റ്, മൈകാസില്‍, പെരുമ്പാവൂരിലെ സിഗ്നേച്ചര്‍ ആര്‍ക്ക്, തേക്കടിയിലെ ഗോള്‍ഡന്‍ ഡ്യൂ തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടി നിക്ഷേപകരില്‍ നിന്നും സമാഹരിച്ച കോടികളാണ് വെട്ടിപ്പ് നടത്തിയത്. പാര്‍ത്ഥസാരഥിയുടെ മാനേജിംഗ് ഡയറക്ടര്‍മാരായ ഗിരീഷ് കുമാര്‍, സനല്‍ കുമാര്‍ എന്നിവരെ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ജൂണ്‍ എട്ടിന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇവര്‍ തുടങ്ങിയ പദ്ധതി നിലച്ചു പോയതോടെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുകയാണുണ്ടായത്.
    ഇത് സംബന്ധിച്ച് നിക്ഷേപകര്‍ അന്വേഷണംഡോട്ട്‌കോമിനോട് പറഞ്ഞത് ഇങ്ങനെ: 
അഗസ്ത്യ പ്രൊജക്ടിനു മാത്രമായി 36 ബുക്കിങ്ങ് ലഭിച്ചു. ഫഌറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലം ഫാദര്‍ ഗീവര്‍ഗ്ഗീസ് എന്ന ആളിന്റെയാണ്. ഈ പ്രൊജക്ടിനു വേണ്ടി ബില്‍ഡറും ഫാദര്‍ ഗീവര്‍ഗ്ഗീസും തമ്മില്‍ 2007 മാര്‍ച്ച് 25 ന് ഒരു ജോയിന്റ് വെഞ്ച്വര്‍ കരാര്‍ ഉണ്ടാക്കി നിക്ഷേപകരുമായി ബില്‍ഡറും സ്ഥലം ഉടമയും വേറെ വേറെ കരാറുകള്‍ ഉണ്ടാക്കിയിരുന്നു. ബില്‍ഡറുമാരുടെ കരാര്‍ പ്രകാരം അവിഭക്ത ഷെയര്‍ (undivided share) രജിസ്റ്റര്‍ ചെയ്തു തരുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. 
    2009-ല്‍ ഫ്‌ലാറ്റ്‌ നിര്‍മ്മാണം നിലച്ചതോടെ ബില്‍ഡര്‍ ഒഴിഞ്ഞു മാറി. തുടര്‍ന്ന് പാര്‍ത്ഥസാരഥിയുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ അറസ്റ്റിലായി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ബില്‍ഡറായ ഗിരീഷ് കുമാറും സനല്‍ കുമാറും സ്ഥലം ഉടമയായ ഫാദര്‍ ഗീവര്‍ഗ്ഗീസും ചേര്‍ന്ന് രഹസ്യമായി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാര്‍ പ്രകാരം 25 ലക്ഷം രൂപ ഫാദര്‍ ഗീവര്‍ഗ്ഗീസ് ബില്‍ഡര്‍ക്ക് നല്‍കി പ്രൊജക്ടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. 2012 ഡിസംബര്‍ 21 നാണ് ഫാദര്‍ ഗീവര്‍ഗ്ഗീസിന് കരാര്‍ പ്രകാരം പൂര്‍ണ ഉത്തരവാദിത്തം ലഭിച്ചത്. ഈ കരാര്‍ പ്രകാരം ഫഌറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം വൈദികന്‍ കൂടിയായ ഇദ്ദേഹത്തിനാണ്. ഇതിനിടയില്‍ ഈ വൈദികന്‍ തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നാണ് നിക്ഷേപകര്‍ പറഞ്ഞത്. ഫഌറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം കരിനിലം സ്വദേശിയാണ് ഇദ്ദേഹം. ഇപ്പോള്‍ മട്ടാഞ്ചേരിയിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ വികാരിയാണിദ്ദേഹം.        


LATEST NEWS