പ്രളയക്കെടുതി: സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗത്തിന്‍റെ പിന്തുണ; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗത്തിന്‍റെ പിന്തുണ; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗം പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ, പുനർനിർമാണപ്രവർത്തനങ്ങളിൽ ഒരുമിച്ച് സർക്കാരിന് പിന്തുണ നൽകി പ്രവർത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികൾ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും.

മത്സ്യത്തൊഴിലാളികളെ പരിശീലനം നൽകി ദുരന്തസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വോളണ്ടിയർമാരാക്കും. തീരദേശപോലീസിൽ മത്‌സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പുനർനിർമാണ പ്രവർത്തനങ്ങളിൽ എഞ്ചിനീയറിംഗ് വിദ്യാർഥികളെയുൾപ്പെടെ പങ്കെടുപ്പിക്കും.

ക്യാമ്പുകളിൽ സഹായങ്ങൾ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വഴി നൽകാൻ തയാറാകണം. ക്യാമ്പുകളിൽ ജനങ്ങൾ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്ന് പ്രവർത്തനം ഒഴിവാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥർ ക്യാമ്പിലെ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളിൽ വനിതാ പോലീസിന്റെ സാന്നിധ്യവുമുണ്ടാകും.

ക്യാമ്പുകളിൽ ആളുകളെ കാണാനെത്തുന്നതു പുറത്തുവെച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാമ്പിലെത്തുന്നത് ഒഴിവാക്കാൻ എല്ലാ പാർട്ടികളും നിർദേശം നൽകണം. ജനങ്ങൾ ഒഴിഞ്ഞുപോയ വീടുകളിൽ കവർച്ചാശ്രമമുണ്ടാകുന്നത് തടയാൻ പട്രോളിംഗ് ശക്തമാക്കും. ഇത്തരക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാമ്പിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടവരുണ്ടെങ്കിൽ അതിനുള്ള സൗകര്യമൊരുക്കും.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ അല്ലാത്ത സഹായം നൽകുന്നതിൽ തടസ്സമില്ല. വീട് നഷ്ടപ്പെട്ടവർക്കായി ക്യാമ്പുകൾ തുടരും. എന്നാൽ സ്‌കൂളുകൾ ഉപയോഗിക്കാനാകാത്തതിനാൽ പകരം സംവിധാനങ്ങൾ ഉറപ്പാക്കും. മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ട്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മുഖേന ഏകോപിപ്പിക്കുന്നുണ്ട്.

ജനങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുമെന്ന് ഇൻഷുറൻസ് കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അവരുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമാണവർ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകൾ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.