നവകേരള നിര്‍മ്മാണം: അന്താരാഷ്ട്ര വികസന കോണ്‍ക്ലേവ് നടത്തുമെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവകേരള നിര്‍മ്മാണം: അന്താരാഷ്ട്ര വികസന കോണ്‍ക്ലേവ് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായികേരള സര്‍ക്കാര്‍ അന്താരാഷ്ട്ര വികസന സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെവലപ്പ്‌മെന്റ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് എന്ന പേരിലായിരിക്കും പരിപാടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിന്റെ മുന്നൊരുക്കമെന്ന നിലക്ക് ലോകബാങ്ക് ഇന്ത്യന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംഘം ചര്‍ച്ച നടത്തി. കേരളം മുന്നോട്ട് വെക്കുന്ന പ്രളയാനന്തര വികസന നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആ യോഗത്തില്‍ ചര്‍ച്ചയായി.

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ജൂലൈ 15-ന് കോണ്‍ക്ലേവ് നടത്തും. കേരള വികസനം ലക്ഷ്യം വച്ചു നടത്തുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് വിവിധ ഏജന്‍സികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ലോകബാങ്ക്, ഏഷ്യാന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ജൈക്ക എന്നീ ആഗോള ഏജന്‍സികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ റെഡ് ക്രസന്‍റ് 20 കോടി ആദ്യഘട്ടസഹായം എന്ന നിലയില്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ച നടത്തും. ഇതിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള വിഭവ സമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 


LATEST NEWS