വിശ്വാസം മുതലെടുക്കുന്ന മലയാളിയുടെ തട്ടിപ്പിന് അറുതിയില്ല ; മെഡിക്കല്‍ ഫാര്‍മ്മ ഉടമയെ പറ്റിച്ച് കൊല്ലം സ്വദേശി തട്ടിയത് 20 ലക്ഷത്തിലധികം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശ്വാസം മുതലെടുക്കുന്ന മലയാളിയുടെ തട്ടിപ്പിന് അറുതിയില്ല ; മെഡിക്കല്‍ ഫാര്‍മ്മ ഉടമയെ പറ്റിച്ച് കൊല്ലം സ്വദേശി തട്ടിയത് 20 ലക്ഷത്തിലധികം

തിരുവനന്തപുരം :  വിശ്വാസം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്നതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവാണ് തിരുവനന്തപുരം സ്വദേശിയായ ബില്‍ജിനു നേരിട്ട ദുരനുഭവം. ബില്‍ജിന്റെ ഉടമസ്ഥതയിലുള്ള രണ്ടു സ്ഥാപനങ്ങളിലെ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൊല്ലം നിലമേല്‍ സ്വദേശി രഞ്ജിതാണ് വിശ്വാസം മുതലെടുത്ത് 20 ലക്ഷത്തിലധികം തട്ടിയത്. 

സംഭവത്തെപ്പറ്റി ബിജില്‍ പറയുന്നതിങ്ങനെ. 2016ലാണ് തന്റെ ഉടമസ്ഥതയിലുള്ള സണ്ണി ഫാര്‍മയിലെ ജീവനക്കാരനായി കൊല്ലം നിലമേല്‍ മംഗലത്ത് വീട്ടില്‍ രഞ്ജിത് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപനത്തിലെ എല്ലാരുടെയും വിശ്വാസ്യത നേടിയെടുത്തു രഞ്ജിത്. ഇതോടെ കമ്പനിയുടെതടക്കം പണമിടപടുകളെല്ലാം രഞ്ജിത് ഏറ്റെടുത്തു നിര്‍വ്വഹിച്ചു തുടങ്ങി. 

തെക്കന്‍ ജില്ലകളിലെ മെഡിക്കല്‍ സ്റ്റോറുകളിലുടനീളം മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് തിരുവനന്തപുരത്തെ സണ്ണി ഫാര്‍മ്മ. ഈ ബന്ധം മുതലാക്കി എല്ലാ മെഡിക്കല്‍ സ്റ്റോറുടമകളുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചു. ഇവിടങ്ങളില്‍ നിന്ന് കമ്പനിയിലേക്കുള്ള കളക്ഷന്‍ ഉള്‍പ്പടെ കൈകാര്യം ചെയ്യുന്നത് ക്രമേണ രജ്ഞിത്തായി. 

ഏകദേശം ഒരു വര്‍ഷത്തോളം ജോലി ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് രഞ്ജിത് ഇവിടുത്തെ ജോലി മതിയാക്കി മറ്റൊരു സ്ഥാപനത്തിലേക്ക് പോയത്. ജോലിയില്‍ നിന്നു പിരിഞ്ഞ ശേഷവും ഇയാള്‍ മെഡിക്കല്‍ സ്റ്റോറുകളിലെത്തി കളക്ഷന്‍ വാങ്ങിയിരുന്നു. സ്ഥിരമായി എത്തുന്നയാളായതിനാല്‍ മെഡിക്കല്‍ സ്റ്റോറുടമകള്‍ക്കും സംശയം തോന്നിയില്ല. നിരവധി ജീവനക്കാരുള്ള സണ്ണി ഫാര്‍മ്മയില്‍ നിന്ന് കളക്ഷനായി മറ്റു ജീവനക്കാര്‍ എത്തുമ്പോള്‍ പണം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ പറഞ്ഞു. 

മാസങ്ങളോളം ഇത് തുടര്‍ന്നുവെന്നാണ് ഫാര്‍മ്മ ഉടമ കൂടിയായ ബില്‍ജിന്‍ പറയുന്നത്. കണക്കുകളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബില്‍ജിന്‍ ഇത് പരിശോധിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ സ്‌റ്റോറുടമകളുമായി ബന്ധപ്പെട്ടപ്പോഴാണ് മാസങ്ങളായി തുടരുന്ന തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തു വന്നത്. ഇതിനിടെ തട്ടിപ്പു നടന്നതായി വെളിപ്പെട്ട ശേഷവും രഞ്ജിത് ചില മെഡിക്കല്‍ സ്റ്റോറുകളിലെത്തിയിരുന്നു. 

എന്നാല്‍ മെഡിക്കല്‍ സ്റ്റോറുടമകള്‍ക്ക് സംശയം തോന്നിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷത്തിലധികം രൂപയാണ് രഞ്ജിത് ഇത്തരത്തില്‍ തട്ടിയെടുത്തത്. ഇയാള്‍ക്കെതിരെ വട്ടപ്പാറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ബില്‍ജിന്‍ സോഷ്യല്‍ മീഡിയയുടെയും സഹായം ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.


 


LATEST NEWS