എന്‍ഡോസള്‍ഫാന്‍ പ്രശ്നബാധിതരുടെ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍ഡോസള്‍ഫാന്‍ പ്രശ്നബാധിതരുടെ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നബാധിതരുടെ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി. വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണ ലിസ്റ്റില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങളും 300 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്.

വൈദ്യുതി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതമാണ് അപേക്ഷിക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. നിലവില്‍ ലിസ്റ്റിലുള്‍പ്പെട്ട് സര്‍ക്കാര്‍ സഹായവും പെന്‍ഷനും ചികിത്സാ സഹായവും കൈപ്പറ്റുന്ന 4675 പേരുടെ കുടുംബത്തിന് പദ്ധതി ആശ്വാസമാകും. 

അര്‍ഹരായ 500പേരെക്കൂടി ഉള്‍പ്പെടുത്തിയ പുതിയ ലിസ്റ്റ്  24ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അംഗീകാരം നല്‍കും. കഴിഞ്ഞ ഏപ്രില്‍ അഞ്ചുമുതല്‍ ഒമ്ബതുവരെ ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്ബില്‍നിന്ന് കണ്ടെത്തിയ രോഗികളെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പുതുക്കിയത്. 1867 പേരെയാണ് മെഡിക്കല്‍ ക്യാമ്ബില്‍നിന്ന് പുതിയ ലിസ്റ്റിലേക്ക് നിര്‍ദേശിച്ചത്. ഈ ലിസ്റ്റ് ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സമിതി പരിശോധിച്ചാണ് അന്തിമപട്ടിക അംഗീകരിച്ചതെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു പറഞ്ഞു.