ഓഖി ചുഴലിക്കാറ്റിൽപെട്ടവരെ കണ്ടെത്താൻ കൂടുതൽ സന്നാഹവുമായി സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഖി ചുഴലിക്കാറ്റിൽപെട്ടവരെ കണ്ടെത്താൻ കൂടുതൽ സന്നാഹവുമായി സർക്കാർ

തിരുവനന്തപുരം ∙വിമര്‍ശനനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഓഖി ചുഴലിക്കാറ്റിൽപെട്ടവരെ കണ്ടെത്താൻ കൂടുതൽ സന്നാഹവുമായി സംസ്ഥാന സർക്കാർ. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവൽക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടർന്നാണു തീരുമാനം.നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മൽസ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും സർക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.


LATEST NEWS