സ്‌കൂൾ പ്രവേശനത്തിന് വാക്‌സിനേഷൻ നിർബന്ധം; പുതിയ ആരോഗ്യനയത്തിന് അംഗീകാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌കൂൾ പ്രവേശനത്തിന് വാക്‌സിനേഷൻ നിർബന്ധം; പുതിയ ആരോഗ്യനയത്തിന് അംഗീകാരം

ആരോഗ്യനയത്തിന്റെ കരടു രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. സ്‌കൂൾ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാക്കി. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കാനും കരടു നയത്തില്‍ നിര്‍ദേശം ഉണ്ട്.

മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി നിയമനങ്ങള്‍ക്ക് മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ആരോഗ്യ നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ ഇക്ബാല്‍ ചെയര്‍മാനായി പതിനേഴംഗ വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച കരടു രേഖയ്ക്കാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം ക്ലിനിക്കല്‍ വകുപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കും. നിലവിലെ രണ്ടു ഡയറക്ടറേറ്റുകള്‍ക്ക് പകരം പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വീസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു ഡയറക്ടറേറ്റുകള്‍ ഉണ്ടാകും. റഫറല്‍ സംവിധാനം കര്‍ശനമാക്കും. സ്വകാര്യ ആസ്‌പത്രികളില്‍ ഉള്‍പ്പെടെ മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം.

ദേശീയ സംസ്ഥാന പാതയില്‍ 10 കിലോമീറ്റര്‍ ഇടവിട്ടു പൊതു സ്വകാര്യ സഹകരണ മേഖലകളുടെ സഹായത്തോടെ പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങള്‍ ഉറപ്പാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകീട്ട് ആറുവരെയാക്കും. ആരോഗ്യ രംഗത്ത് കനത്ത കച്ചവടവത്കരണം കടന്നുവരുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അവയവമാറ്റ ശസ്‌ത്രക്രിയ നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം. മന്ത്രിസഭ അംഗീകരിച്ച കരടില്‍ വിദഗ്ധ പരിശോധന കൂടി നടത്തി പ്രാബല്യത്തില്‍ വരുത്തും.


LATEST NEWS