ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം; വി.മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം; വി.മുരളീധരന്‍

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. ഒരു പ്രത്യേക മതവിഭാഗത്തിന് സബ്‌സിഡി നല്‍കുന്നത് മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നടപടിയെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികള്‍ തള്ളിക്കളയുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം മത - രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ജനതയും  അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരൂമാനം ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കാനുള്ള  തീരുമാനത്തെ അപലപിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ സബ്‌സിഡി പുന:സ്ഥാപിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു.