നിപ്പ വൈറസ്: സർക്കാറിനെ അഭിനന്ദിച്ച് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പ വൈറസ്: സർക്കാറിനെ അഭിനന്ദിച്ച് ഹൈക്കോടതി

നിപ്പ വൈറസ് നേരിടാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  കൈക്കൊണ്ട  നടപടികളില്‍  കോടതി സംതൃപ്തി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ചുമതലയ്ക്കുമപ്പുറം, നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. 

ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തക്കസമയത്ത് ആവശ്യമായ സഹായം ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍  നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.  വിവാദത്തിനിടയാക്കിയ വീഡിയൊകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 17 പേരാണ് മരിച്ചത്. നിരവധി പേരിലേക്ക് പകരുമായിരുന്ന രോഗത്തെ കർശന നിയന്ത്രണങ്ങൾ വഴിയാണ് പിടിച്ച് കെട്ടാൻ സാധിച്ചത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടാണ് നിപ്പ ഭീതി ഒഴിവാക്കാനായത്. കോഴിക്കോടും മലപ്പുറത്തും ഇന്നലെയാണ് സ്‌കൂളുകൾ തുറന്നത്. അതീവ ജാഗ്രതാ നിർദേശം ഒഴിവാക്കിയെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്.