ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ  രോഗാവസ്ഥയിലുള്ള ചിത്രങ്ങള്‍; മനുഷ്യാവകാശ ലംഘനമെന്ന് ഡോക്ടര്‍മാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ  രോഗാവസ്ഥയിലുള്ള ചിത്രങ്ങള്‍; മനുഷ്യാവകാശ ലംഘനമെന്ന് ഡോക്ടര്‍മാര്‍

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (കെഎഎസ്പി) ആനുകൂല്യം ലഭിക്കാൻ രോഗിയുടെ വിവിധ സമയത്തെ ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നു വ്യവസ്ഥ. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴുള്ളതും ആശുപത്രിക്കിടക്കയിലുള്ളതും ആശുപത്രി വിടുമ്പോഴുള്ളതുമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണു നിബന്ധന. ഇതു ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ആരോഗ്യരംഗത്തെ നൈതികതയ്ക്കു വിരുദ്ധവുമാണെന്നു ഡോക്ടർമാർ പറയുന്നു.

റജിസ്ട്രേഷൻ സമയത്തു വെബ്ക്യാമിൽ പടം എടുക്കാൻ മിക്ക ആശുപത്രികളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ ആശുപത്രിക്കിടക്കയിലെ ചിത്രം ജീവനക്കാരുടെ മൊബൈലിലും മറ്റും പകർത്തിയാണ് അപ്‌ലോഡ് ചെയ്യുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കുന്നു. ഐസിയുവിലും മറ്റും കയറി ചിത്രമെടുക്കുന്നതു സംബന്ധിച്ച് ആശുപത്രി ജീവനക്കാർക്കും ആശങ്കയുണ്ട്. ഇതു മറികടക്കാൻ, റജിസ്ട്രേഷൻ സമയത്ത് എടുത്ത പടം തന്നെ വീണ്ടും അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും‍ വെബ്സൈറ്റ്് സ്വീകരിക്കുന്നില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ഒരു രോഗിയുടെ വിവരങ്ങൾ പൂർണമായി അപ്‌ലോഡ് ചെയ്യാൻ അരമണിക്കൂറോളം വേണമെന്നത് ആശുപത്രികളിൽ തർക്കങ്ങൾക്കും വഴിവയ്ക്കുന്നു.

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ചാണു കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കു രൂപം നൽകിയത്. ഏപ്രിൽ ഒന്നിനു നിലവിൽ വന്ന പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പു ചുമതല റിലയൻസിനാണ്. സമഗ്ര ആരോഗ്യ ഇൻഷുറൻസ് അവസാനിപ്പിച്ച ശേഷം കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരതുമായി കൈകോർത്താണു സംസ്ഥാന സർക്കാർ കാരുണ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.