കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ വീണ്ടുമൊരു പ്രളയത്തിന് സാധ്യതയുണ്ടോയെന്ന് പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്നു നില്‍ക്കുമെന്നും കേന്ദ്ര ഭൗമ മന്ത്രാലയം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാലാവസ്ഥാ കാര്യ ലേഖകര്‍ക്കും പ്രവചനം സംബന്ധിച്ച വിവരങ്ങള്‍ ഐഎംഡി തത്സമയംകൈമാറി. ദീര്‍ഘകാല ശരാശരിക്ക് അടുത്ത മഴ ലഭിക്കുമെന്നാണു നിഗമനം. കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തു ലഭിക്കുന്ന കാലവര്‍ഷത്തിന്റെ ദീര്‍ഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന കാലവര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള 4 മാസമാണ് പെയ്യുന്നത്. തമിഴ്‌നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളെയും കാലവര്‍ഷം അതിന്റെ കുടക്കീഴിലാക്കും.

പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുര്‍ബലപ്പെടും. ഇതോടെ കേരളത്തിലുള്‍പ്പെടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. എല്‍നിനോ പ്രഭാവം കാരണം കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മെയ്മാസത്തോടെ കേരളത്തില്‍ ചൂട് കുറയുമെന്നും എം രാജീവന്‍ പറഞ്ഞു.