കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി

കൊച്ചി:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍  കോടതിയുടെ വിമര്‍ശനം. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്നു രണ്ടു ഹര്‍ജികളാണ് കേസുമായി ബന്ധപ്പെട്ടു വന്നത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സാക്ഷികളെ സംരക്ഷിക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി സര്‍ക്കാര്‍ വ്യാഴാഴ്ച വിശദീകരിക്കണം. കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന പരാതിയില്‍ എന്ത് നടപടി എടുത്തെന്നും വിശദീകരിക്കണം. കഴിഞ്ഞ ഒരു മാസം കേസില്‍ എന്ത് സംഭവിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഓഗസ്റ്റ് 13നാണ് ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചത്. ഇതിന് ശേഷം എന്തു സംഭവിച്ചുവെന്നും കോടതി ആരാഞ്ഞു.സാക്ഷികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ടു ഹര്‍ജികളെയും അതീവഗൗരവത്തോടെ കണ്ടു കൊണ്ടുള്ള സമീപനമായിരുന്നു കോടതിയില്‍നിന്നുണ്ടായത്.