ഇടുക്കി–ചെറുതോണി അണക്കെട്ടി​​​​​​​​​​​​​​ലെ ജലനിരപ്പിൽ നേരിയ കുറവ്; ഷട്ടറുകള്‍ താ‌ഴ്‌ത്തില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കി–ചെറുതോണി അണക്കെട്ടി​​​​​​​​​​​​​​ലെ ജലനിരപ്പിൽ നേരിയ കുറവ്; ഷട്ടറുകള്‍ താ‌ഴ്‌ത്തില്ല

തൊടുപുഴ: ഇടുക്കി–ചെറുതോണി അണക്കെട്ടി​​​​​​​ലെ ജലനിരപ്പിൽ നേരിയ കുറവ്​.  ജലനിരപ്പ് രണ്ട് മണിക്കൂറില്‍ 0.08 അടി കുറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ്​ 2401.70 അടിയായാണ്​ കുറഞ്ഞത്​. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിന് ശേഷം ജലനിരപ്പ് കുറയുന്നത് ഇതാദ്യമായാണ്. ഇപ്പോള്‍ ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്‌ത്തില്ല. 

നേരത്തെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നതിനായി ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. രണ്ട് ഷട്ടറുകൾ മിനിമം ലെവലിലും തുടർന്ന് ഇവയടക്കം മൂന്ന് ഷട്ടറുകൾ ഒരോ മീറ്റർ വീതവും ഉയർത്തി ജലം പുറത്തേക്കൊഴുക്കിയിട്ടും ജലനിരപ്പ് താഴാതായതോടെയാണ് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നത്. അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ സെക്കൻഡിൽ 7,50,000 ലീറ്റർ വെള്ളം പുറത്തേക്കുപോകുന്നു.

ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡ് ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. പെരിയാറി​​​​​​​​​​െൻറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.