ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; അതീവ ജാഗ്രതാ നിർദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; അതീവ ജാഗ്രതാ നിർദേശം

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇന്ന് രാവിലെ ഏഴ് മണിക്കാണ്രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അർധരാത്രി 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 അടിയായി.  

ഇന്നലെ ഉച്ചയോടെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നുവെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകൾ തുറന്നത് . ഇതോടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമായിരിക്കും ഡാമില്‍ നിന്ന് പുറത്തെത്തുക. നേരത്തെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഇതിലൂടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്ക് തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. 

പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. രാത്രിയിലും മഴ തുടർന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് (10.8.2018) രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള ജല പ്രവാഹം കുറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ 60 cm ലേക്ക് താഴ്ത്തി.  മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രി എ.കെ.ബാലന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിലും ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇപ്പോൾ മഴക്ക് നേരിയ ശമനമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരൊഴുക്കിന് ശക്തി കൂടി. അപകടസാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. 

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻറെ ശക്തി പതിൻമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഇതാദ്യമായാണ് വെള്ളച്ചാട്ടം ഇത്ര ശക്തമാകുന്നുത്. അതിരപ്പിള്ളി, വാഴച്ചാല്‍ കാടുകളില്‍ തുടർച്ചയായി മഴ പെയ്തതാണ് വെള്ളം കൂടാൻ കാരണം. ഒപ്പം പെരിങ്ങല്‍കുത്ത്, ഷോഷയാര്‍ ഡാമുകള്‍ തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായി.

അതേസമയം, മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. രാവിലെ ഒൻപതിന് തിരുവല്ലയിൽ പത്തനംതിട്ട കളക്ടറുമായി കേന്ദ്രസംഘം ചർച്ച നടത്തും. അപ്പർകുട്ടനാട് മേഖലയിലെ വിവിധ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. തുടർന്ന് കോട്ടയത്തെത്തുന്ന സംഘം കളക്ട്രേറ്റിൽ യോഗം ചേർന്ന് നാശനഷ്ടങ്ങൾ അവലോകനം ചെയ്യും. വൈക്കത്തും സംഘം സന്ദർശനം നടത്തും. 


LATEST NEWS