മണ്ണിടിച്ചിൽ: ഇടുക്കി റിസോര്‍ട്ടില്‍ കുടുങ്ങിയ നാലംഗ റഷ്യന്‍ കുടുംബത്തെയും അമേരിക്കന്‍ ദമ്പതികളെയും പുറത്തെത്തിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണ്ണിടിച്ചിൽ: ഇടുക്കി റിസോര്‍ട്ടില്‍ കുടുങ്ങിയ നാലംഗ റഷ്യന്‍ കുടുംബത്തെയും അമേരിക്കന്‍ ദമ്പതികളെയും പുറത്തെത്തിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇടുക്കി: മണ്ണിടിച്ചിൽ കാരണം ഒറ്റപ്പെട്ട പ്ലം ജൂഡി റിസോർട്ടിൽ ഉളള ടൂറിസ്റ്റുകൾ സുരക്ഷിതരാണെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാന‍് ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ടിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുപോലുള്ളവരാണ് നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നതെന്നും മന്ത്രി പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള 2 പേർ, സിംഗപ്പൂരിൽ നിന്നുള്ള 7 പേർ, ഒമാനിൽ നിന്നുള്ള 5 പേർ, സൗദിയിൽ നിന്നുള്ള 7 പേർ, റഷ്യയിൽ നിന്നുള്ള 3 പേർ അടക്കം 24 വിദേശ ടൂറിസ്റ്റുകളും 33 ആഭ്യന്തര ടൂറിസ്റ്റുകളുമാണ് അവിടെ അകപ്പെട്ടിട്ടുള്ളത്. 
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടൂറിസ്റ്റുകള്‍ സുരക്ഷിതരാണ്. 

ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്. ഇവര്‍ കുമരകത്തേക്ക് പുറപ്പെട്ടു. അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. അടിയന്തിരമായി പുറത്ത് പോകേണ്ടവരെയാണ് അല്‍പ്പം സാഹസികമായ സമാന്തര പാത വഴി പുറത്ത് കൊണ്ടുവന്നത്. 

ഇനിയും അവിടെ കുടുങ്ങിയിരിക്കുന്ന ടൂറിസ്റ്റുകളെ പുറത്തെത്തിക്കാനുള്ള ഊര്‍ജിത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിസോര്‍ട്ടിലുള്ളവരെ മണ്ണിടിഞ്ഞ ഭാഗത്ത് കല്ലുകള്‍ പാകി പുറത്തെത്തിക്കാനാണ് കരസേന ശ്രമിക്കുന്നത്. വൈകുന്നേരത്തോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.