ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിന്റെ ആദ്യ പടിയായി ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസം പോലീസിന്റെ ആവശ്യകത, ടൂറിസം പോലീസും സുസ്ഥിര ടൂറിസവും, ടൂറിസം സുരക്ഷയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയും സംരക്ഷണവും തുടങ്ങിയ വിഷയങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാൻ സർക്കാർ പുലർത്തുന്ന ജാഗ്രതയുടെ ഭാഗമായാണ് ഈ നടപടി. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാൻ ടൂറിസം പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിന്റെ ഭാഗമായാണ്.

ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

വിദേശ വനിതയുടെ കൊലപാതകത്തെ തുടര്‍ന്ന് ടൂറിസം പോലീസിനെ ശക്തിപ്പെടുത്താന്‍ ഞാൻ വിളിച്ച് ചേർത്ത ഡിജിപി ലോക് നാഥ് ബഹ്റയും ടൂറിസം, പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 180 ടൂറിസം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത്.

പോലീസ് വകുപ്പില്‍ നിന്ന് എഡിജിപി ബി. സന്ധ്യ,എഡിജിപി എസ്. ആനന്ദകൃഷ്ണന്‍, ഐജി പി.വിജയന്‍, ഹൈടെക് സെല്‍ എസ് ഐ കൃഷ്ണന്‍ പോറ്റി കെ.ജി, മുന്‍ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, അലക്സാണ്ടര്‍ ജേക്കബ്, ടൂറിസം മേഖലയില്‍ നിന്ന് കെ.ജി മോഹന്‍ലാല്‍, ഇ.എം നജീബ്, ഡി.ചന്ദ്രസേനന്‍ നായര്‍,ബേബി മാത്യു, അനീഷ് കുമാര്‍, ഡോ.ബി വിജയകുമാര്‍, വ്യക്തിത്വ വികസന പരിശീലകന്‍ ഡോ. എസ്.വി സുധീര്‍ എന്നിവരാണ് പരിശീലന പരിപാടിയില്‍ വിവിധ സെഷനുകള്‍ നയിക്കുന്നത് എന്നും കടകംപള്ളി തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.


LATEST NEWS