ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു

ജലന്ധര്‍: ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു.കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചതായാണ് വിവരം. ബിഷപ്പില്‍നിന്ന് കന്യാസ്ത്രീക്ക്  ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. 

അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്‌തേക്കും. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു  ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും. 

ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധര്‍ കമ്മീഷണര്‍ പി കെ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തും.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നതോടെ വിശ്വാസികള്‍ ഇന്നലെ മുതല്‍ കൂട്ടമായാണ് രൂപതാ ആസ്ഥാനത്തെത്തിയത്. പ്രാര്‍ത്ഥനകള്‍ ചൊല്ലി കാല്‍നടയായും വാഹനങ്ങളിലും വിശ്വാസികള്‍ ഒഴുകിയെത്തിയതോടെ ജലന്ധര്‍ ഡി.സി.പി. ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസ് സംഘം സ്ഥിതിഗതികള്‍ വിലയിരുത്താനെത്തി. ക്രമസമധാന പ്രശ്‌നമുണ്ടാകാന്‍ അനുവദിക്കില്ലെന്നാണ പഞ്ചാബ് പോലീസിന്റെ നിലപാട്. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഗുരുമീത് സിംഗ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പരാതിക്കാരിയായ കന്യാസ്ത്രീ മുന്‍പ് താമസിച്ചിരുന്ന ജലന്ധര്‍ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ്  നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപത പി ആര്‍ ഓ ഫാ.പീറ്റര്‍ കാവുമ്പുറം അറിയിച്ചു.

വിശ്വാസികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന രൂപത അധികൃതരുടെ ഉറപ്പ് വിശ്വാസത്തിലെടുത്തായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍.