ജിഷാ   കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന്  വിധിക്കും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജിഷാ   കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന്  വിധിക്കും 

കൊച്ചി:  നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന്  വിധിക്കും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ  വിധിക്കുന്നത്. . വാദം നീണ്ടു പോയതിനാല്‍ ഇന്നലെ ശിക്ഷ വിധിക്കാനായില്ല. ഇതേ തുടര്‍ന്നാണ് കോടതി  വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.  

ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ കോടതിയില്‍ ഉയര്‍ത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വാദിച്ചു.  ഡല്‍ഹി നിര്‍ഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്.

33 തവണ കുത്തേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. ബിരുദാന്തര ബിരുദം പൂര്‍ത്തിയാക്കിയ നിയമ വിദ്യാര്‍ഥിയാണ് കൊല ചെയ്യപ്പെട്ടത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം.   പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.  

കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും, പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു . മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും പ്രതി അമീറുള്‍ ആവശ്യപ്പെട്ടു.