പോലീസില്‍ വയറ്റാട്ടി തസ്തിക : കെ. മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോലീസില്‍ വയറ്റാട്ടി തസ്തിക : കെ. മുരളീധരന്‍
തിരുവനന്തപുരം: കേരളാ പോലീസില്‍ വയറ്റാട്ടി ആയും തസ്തിക രൂപപ്പെട്ടിട്ടുണ്ടെന്നു കെ. മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു. ഭാര്യയുടെ പ്രസവ ശിശ്രൂഷകള്‍ക്കായും ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പോലീസുകാരെ നിയമിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ടുമാസമായി ഇവര്‍ ശമ്പളം വാങ്ങുന്നതു മുഖ്യമന്ത്രി അറിഞ്ഞോയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി മുരളീധരന്‍ ചോദിച്ചു.
 
പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്‍റെ പണിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. അച്ചടക്കം എന്ന പേരിൽ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിക്കേണ്ടെന്നും അതീവ ഗൗരവത്തോടെ കണ്ടു കണ്ടു നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
 
മർദ്ദനത്തിനിരയായ പൊലീസുകാരനു നേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പൊലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരൻ ചോദിച്ചു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നിട്ട് എന്താണ് ചെയ്തത്. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ നായയെ കുളിപ്പിക്കാനും അവയ്ക്കു മീൻ വാങ്ങാനും പോകേണ്ട അവസ്ഥയിലാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
 
അതേസമയം, മുൻ‌ കാലത്ത് ഒരു പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ടി.പി. സെൻകുമാറിന്റെ നടപടികൾ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രി മുരളീധരന്റെ ആക്ഷേപങ്ങൾക്കു മറുപടി പറഞ്ഞത്. ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിനുശേഷമേ നടപടിയെടുക്കാനാകൂ.
 
കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.