കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍; കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍; കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോകും

പത്തനംതിട്ട: പത്തനംതിട്ട:  ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ ഉടന്‍ തന്നെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്. 

ഞായറാഴ്ചയായതിനാല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്. സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ സുരേന്ദ്രനെ ഇന്ന് പുലർച്ചെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തനിക്ക് പോലീസിന്‍റെ മര്‍ദനമേറ്റെന്നും അതിനാല്‍ എക്സറേ എടുക്കണമെന്നുമുള്ള സുരേന്ദ്രന്‍റെ ആവശ്യവും പോലീസ് അംഗീകരിച്ചു.

നിലക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ തയ്യാറായ സുരേന്ദ്രനോട് ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നും നാളെ പുലര്‍ച്ചെ നട തുറക്കുമ്ബോള്‍ സന്നിധാനത്ത് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും എസ്പി യതീഷ്ചന്ദ്ര അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ശബരിമലയിലേക്ക് ഇപ്പോള്‍ തന്നെ പോകണം എന്ന് വാശിപിടിച്ച സുരേന്ദ്രന്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.